അഹമ്മദാബാദ്: ഭർത്താവിന്റെ കൈയിൽ നിന്ന് കാമുകിയെ കസ്റ്റഡിയിൽ എടുക്കണമെന്ന ആവശ്യവുമായി ഹേബിയസ് കോർപ്പസ് ഹർജി നൽകിയ യുവാവിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയാണ് കാമുകിക്ക് വേണ്ടി ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.

സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായാണ് കാമുകിക്ക് വിവാഹം കഴിക്കേണ്ടി വന്നതെന്നും ഭർത്താവിനെ ഉപേക്ഷിച്ച് ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയാൻ ഇരുവരും തീരുമാനിച്ചെന്നും അതിനാൽ കസ്റ്റഡിയിലെടുക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകണമെന്നുമാണ് യുവാവ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ ഹർജിക്കാരന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവകശമില്ലെന്ന് കോടതി നിരീക്ഷിച്ചു. ലിവ് ഇൻ റിലേഷൻഷിപ്പ് കരാറിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ കസ്റ്റഡി ഹർജിക്കാരന് നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

തുടർന്ന് യുവാവിന് 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.പിഴത്തുക സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിയിൽ നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് സർക്കാരും ഹർജിയെ എതിർത്തിരുന്നു.