ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. വേണ്ടി വന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ഭരണ നിർവഹണത്തിലെ വീഴ്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു നയിച്ചതെന്ന് ജസ്റ്റിസ് എകെ ഗോയൽ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.

ബ്രഹ്മപുരം തീപിടിത്തത്തിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. തീ അണച്ചതായി സർക്കാർ ഇന്നു ട്രിബ്യൂണലിനെ അറിയിച്ചു. തീപിടിത്തത്തെ തുടർന്നു സ്വീകരിച്ച നടപടികൾ സർക്കാർ അഭിഭാഷകൻ ട്രിബ്യൂണലിനെ അറിയിച്ചു.

ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം മോശം ഭരണമാണെന്നും സർക്കാരിനാണ് ബ്രഹ്മപുരം പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വമെന്നും ട്രിബ്യൂണൽ ചെയർപേർസൺ എ കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിശിതമായ ഭാഷയിൽ വിമർശിച്ചു.

ബ്രഹ്മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയം സ്വമേധയായാണ് ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണുവും നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചത്.

സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്നും അതിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നുമായിരുന്നു ജസ്റ്റിസിന്റെ നിരീക്ഷണം. വിഷയവുമായി ബന്ധപ്പെട്ട് വേണ്ടി വന്നാൽ 500 കോടി രൂപയുടെ പിഴ സർക്കാരിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കേരള ഹൈക്കോടതി തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാൽ സർക്കാരിനെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസിന്റെ നടപടിക്രമങ്ങൾ നടക്കുന്നതിനാൽ സമാന്തരമായ മറ്റൊരു കേസ് ട്രിബ്യൂണലിന്റെ ഭാഗത്തു നിന്നുമുണ്ടാകരുതെന്നുമാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകർ ട്രിബ്യൂണൽ മുമ്പാകെ അറിയിച്ചത്.

എന്നാൽ ഈ ആവശ്യം പൂർണമായും അംഗീകരിക്കാൻ പ്രിൻസിപ്പൽ ബെഞ്ച് തയ്യാറായില്ല. ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ തങ്ങൾ ഇടപെടുന്നതല്ലെന്നും ഹൈക്കോടതി ഉത്തരവിന് കടകവിരുദ്ധമായ ഇടപെടലുകൾ തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.

ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ട് സംസ്ഥാന സർക്കാർ ട്രിബ്യൂണലിനു സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും ഉത്തരവ്.

തീ അണച്ചതായും തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും സർക്കാർ ട്രിബ്യൂണലിനെ അറിയിച്ചു. തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണെന്ന് ട്രിബ്യൂണൽ വിലയിരുത്തി. ഇവ വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും അറിയിച്ചു.