മുംബൈ: പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുണ്ടായിരുന്ന ബന്ധം തകരുകയോ വിവാഹം നടക്കാതിരിക്കുകയോ ചെയ്യുമ്പോൾ പങ്കാളികളിൽ ഒരാൾക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസിൽ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

ദീർഘനാളായി അടുപ്പം പുലർത്തുന്ന രണ്ടു പേർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹ വാഗ്ദാനം കൊണ്ടു മാത്രമാണെന്ന നിഗമനത്തിൽ എത്താനാവില്ലെന്നു ജസ്റ്റിസ് ഭാരതി ഡോൻഗ്രെ പറഞ്ഞു.

ഇരുവരും തമ്മിൽ ശാരീരികബന്ധമുണ്ടായപ്പോൾ യുവതിക്ക് പ്രായപൂർത്തിയായിരുന്നു. സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങൾ മനസ്സിലാക്കാൻ മതിയായ പക്വതയുള്ള പ്രായമായിരുന്നു അത്. ബന്ധം തകർന്നതുകൊണ്ടും വിവാഹം നടന്നില്ല എന്നതു കൊണ്ടും മാത്രം ബലാത്സംഗ കുറ്റം ആരോപിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സാമൂഹികമാധ്യമം വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും വിവാഹവാഗ്ദാനം നൽകി ശാരീരികബന്ധത്തിലേർപ്പെട്ടെന്നും പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറിയെന്നുമാണ് 26കാരിയായ യുവതി പരാതിയിൽ പറഞ്ഞത്. ഇവർ തമ്മിൽ എട്ടുവർഷമായി ബന്ധമുണ്ടെന്നും ഓരോ തവണയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും യുവതിയുടെ സ്വമേധയാ ഉള്ള സമ്മതമില്ലാതെയാണെന്നു പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ദുഃഖവെള്ളി ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (07-04-2023) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ