ന്യൂഡൽഹി: മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതിയിൽ കർണാടക സർക്കാർ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കർണാടക സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്ലിങ്ങൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ വ്യക്തമാക്കി.

കർണാടകത്തിൽ മുസ്ലിങ്ങൾക്ക് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയതിന് എതിരായ വിവിധ ഹർജികളിലാണ് കർണാടക സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനയുടെ 14,15, 16 അനുച്ഛേദങ്ങളുടെ ലംഘനമാണ്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അഭികാമ്യമല്ലെന്ന് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാക്കാവസ്ഥയിൽ കഴിയുന്ന മുസ്ലിങ്ങൾക്ക് മറ്റ് സംവരണങ്ങൾക്ക് അർഹതയുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

സംവരണത്തിനുള്ള അർഹത കണക്കാക്കുമ്പോൾ ഒരു മതവിഭാഗത്തെ മുഴുവനായി കാണാനായി കഴിയില്ല. കേന്ദ്ര സർക്കാരും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നില്ല. മുസ്ലിം മതവിഭാഗത്തെ മൊത്തത്തിൽ കണക്കാക്കി സംവരണം നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു.

തിരഞ്ഞെടുപ്പ് അടുത്ത് വന്നപ്പോഴാണ് സംവരണം റദ്ദാക്കിയത് എന്ന ഹർജിക്കാരുടെ വാദം അപ്രസക്തമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംവരണം റദ്ദാക്കിയ ഉത്തരവ് മെയ്‌ ഒൻപതു വരെ നടപ്പാക്കില്ലെന്ന് കർണാടക സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.