കണ്ണൂർ: സി.പി. എമ്മിനും സർക്കാരിനുമെതിരെ തുറന്നപറച്ചിലുകളിലൂടെ സ്ഥിരം തലവേദനയായ സ്വപ്നാസുരേഷിനെ കുരുക്കാൻ രണ്ടും കൽപ്പിച്ചു നിയമവഴിയിൽ പോരാടാൻ എം.വി ഗോവിന്ദൻ. തനിക്കെതിരെ ഫേസ്‌ബുക്കിലൂടെ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ സ്വർണക്കടത്ത് കേസിലെ പ്രതിക്കെതിരെ സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ നിയമപോരാട്ടം ശക്തമാക്കും.

പത്തുകോടി മാനനഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവിൽ കേസ് കോടതി വേനൽ അവധിക്കു ശേഷം തുറക്കുമ്പോൾ തളിപറമ്പ് മുൻസിഫ്കോടതി മുൻപാകെ നൽകുമെന്ന് സി.പി. എം വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽമീഡിയയിലൂടെ ആരോപണമുന്നയിച്ച സ്വപ്നാ സുരേഷിനെ നിയമത്തിന്റെ മാർഗത്തിലൂടെ പൂട്ടാനുള്ള അണിയറനീക്കങ്ങളാണ് സി.പി. എം നടത്തുന്നത്. മാനനഷ്ടകേസ് കോടതിയിൽ നേരിടുമെന്ന് സ്വപ്നാ സുരേഷ് പ്രതികരിച്ചിട്ടുണ്ടെങ്കിലും അതിശക്തമായ നിയമനടപടികളിലൂടെ സ്വപ്നയെ നിയമമാർഗമുപയോഗിച്ചു കുരുക്കാനുള്ള ശ്രമമാണ് എം.വി ഗോവിന്ദൻ നടത്തുന്നത്.

എം.വി ഗോവിന്ദൻ നൽകിയ ഹjർജിയിൽ ഈമാസം 20ന് തളിപറമ്പ്് ഒന്നാംക്ളാസ് മജിസ്ട്രേറ്റ് സാക്ഷികളിൽ നിന്നും മൊഴിയെടുക്കും. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് എം.വി ഗോവിന്ദൻ സി.പി. എം തളിപറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് അഡ്വ. നിക്കോളാസ് ജോസഫ് എന്നിവർക്കൊപ്പം കോടതിയിലെത്തിയത്. എംവി ഗോവിന്ദൻ മൊഴി നൽകാൻ എത്തുന്നതറിഞ്ഞ് വന്മാധ്യമപടയും കോടതിയിലെത്തിയിരുന്നു. അഞ്ചുമിനുട്ടിനകം മജിസ്ട്രേറ്റ് കോടതിയിലെത്തി ആദ്യകേസായി ഹരജി പരിഗണനയ്ക്കെടുത്തു. വിശദമായ മൊഴിയാണ് എം.വി ഗോവിന്ദൻ നൽകിയത്.

മൊഴിയെടുക്കൽ കാൽമണിക്കൂർ പിന്നിട്ടപ്പോൾ സാക്ഷിക്കൂട്ടിലെ കസേര ചൂണ്ടി ഇരിക്കണോമെന്ന് മജിസ്ട്രേറ്റ് സാജിദ് അണ്ടത്തോട് തച്ചൻ ചോദിച്ചുവെങ്കിലും വേണ്ടന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. ജനിച്ചുവീണ മൊറാഴയുടെ മഹത്വവും ജന്മി, നാടുവാഴിത്വ വിരുദ്ധ പോരാട്ടം ഓർമപ്പെടുത്തിയതിന് ശേഷം കുഞ്ഞുനാൾ മുതൽ ബാലസംഘത്തിന്റെ പ്രവർത്തകനായിരുന്നുവെന്നും പിന്നീട് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിലും പ്രവർത്തിക്കുകയാണെന്നും കോടതിയെ അറിയിച്ചു.

മൂന്നുതവണ എംഎൽഎയായും ഒരുതവണ മന്ത്രിയായും പ്രവർത്തിച്ച തനിക്ക് കറകളഞ്ഞ വ്യക്തി ജീവിതമാണുള്ളതെന്നും ഇതു തകർക്കാനാണ് സ്വപ്നാസുരേഷ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും യാതൊരു തെളിവുമില്ലാത്ത ആരോപണം നിഷേധിക്കാൻ വക്കീൽ നോട്ടീസ് അയച്ചുവെങ്കിലും നിഷേധാത്മകമായ നിലപാടാണ് സ്വപ്ന കൈക്കൊണ്ടതെന്നും എം.വി ഗോവിന്ദൻ മജിസ്ട്രേറ്റിന് മൊഴി നൽകി.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണത്തിൽ നിന്നും പിന്മാറിയാൽ മുപ്പതുകോടി രൂപ നൽകാമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് വിജേഷ്പിള്ളയോട് താൻ പറഞ്ഞതായാണ് സ്വപ്നയുടെ ആരോപണം. ഇതു എല്ലാവാർത്താമാധ്യമങ്ങളിലുംവരികയും ചെയ്തു. ഈ പറയുന്ന വിജേഷ് പിള്ളയെ തനിക്ക് അറിയില്ല. ഈ സാഹചര്യത്തിലാണ് നടപടിയുമായി കോടതിയെ സമീപിച്ചതെന്നാണ് എം.വി ഗോവിന്ദൻ മൊഴി നൽകിയത്. അദ്ദേഹത്തിന്റെ മൊഴി പകർത്തിയെടുത്തതിനു ശേഷം സാക്ഷികളുടെ മൊഴിയെടുക്കാനാണ് കേസ് ഈമാസം ഇരുപതിലേക്ക് മാറ്റിവെച്ചത്.

മുൻ എ.ഡി. എം എ.സി മാത്യു, സി.പി. എം ഏരിയാ സെക്രട്ടറി കെ.സന്തോഷ്, ഏരിയാകമ്മിറ്റിയംഗം കെ. ദാമോദരൻ മാസ്റ്റർ എന്നിവരാണ് കേസിലെ സാക്ഷികൾ .രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് ഇപ്പോൾ ഹർജി നൽകിയിരിക്കുന്നത്. എന്നാൽ എം.വി ഗോവിന്ദൻ ആരോപണങ്ങൾക്കു മറുപടിയായി നിയമവഴിയിൽ അതിശക്തമായി മുൻപോട്ടു പോകുമ്പോഴും മുഖ്യമന്ത്രിയുൾപ്പെടെ സ്വപ്നാസുരേഷിന്റെ ആരോപണങ്ങളോട് മൗനം പാലിച്ചത് സി.പി. എമ്മിൽ ചർച്ചയായിട്ടുണ്ട്.