മുംബൈ: വേർപിരിഞ്ഞ് നിൽക്കുന്ന ഭാര്യയുടെ ജീവനാംശത്തിനൊപ്പം അവരുടെ നായ്ക്കൾക്കും ഭർത്താവ് ചെലവിന് നൽകണമെന്ന് കോടതി. ജീവനാംശത്തിനൊപ്പം ഭാര്യയുടെ വളർത്തുനായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക കൂടി ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജിയിലാണ് ബാന്ദ്ര മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് കോടതി ഇങ്ങനെ ഉത്തരവിട്ടത്. വളർത്തുമൃഗങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നു പറഞ്ഞ കോടതി ബന്ധങ്ങളിലെ തകർച്ച മൂലമുള്ള വൈകാരിക അസന്തുലിതാവസ്ഥ പരിഹരിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ അവ ആവശ്യമാണെന്നും നിരീക്ഷിച്ചു.

1986 ൽ വിവാഹിതരായ ദമ്പതികൾ 2021 മുതൽ പിരിഞ്ഞാണു താമസിക്കുന്നത്. ഭർത്താവ് ഇട്ടിട്ട് പോയതോടെ ഭാര്യ തനിച്ചായി. ഇവർക്ക് രണ്ട് പെൺമക്കളുണ്ടെങ്കിലും വിദേശത്താണ്. ഇതോടെ ഗാർഹിക പീഡനം ആരോപിച്ച്, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭാര്യ കോടതിയെ സമീപിച്ചത്.

വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം മൂന്ന് വളർത്തു നായ്ക്കളുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. ഹർജി തീർപ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നൽകണമെന്നു ഭർത്താവിനോടു കോടതി നിർദേശിച്ചു.