- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് താൽക്കാലിക ആശ്വാസം; സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ; സംസ്ഥാന സർക്കാരടക്കം എതിർകക്ഷികൾക്ക് നോട്ടീസ്
തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് താൽക്കാലിക ആശ്വാസം. തൊണ്ടിമുതൽ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് സ്റ്റേ. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സുപ്രിംകോടതി പുനരന്വേഷണം തടഞ്ഞത്. ആന്റണി രാജു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേസിൽ ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാർ സത്യവാങ്മൂലം നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആന്റണി രാജുവിന്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്.
പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും .കോടതി തീരുമാനം എടുക്കുന്നത് വരെ ആന്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിർദേശമുണ്ട്.ആന്റണി രാജുവിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത്, അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവർ ഹാജരായി.അപ്പീൽ സമർപ്പിച്ച എം.ആർ അജയനായി അഭിഭാഷകൻ ഡി.കെ ദേവേഷാണ് ഹാജരായത്
കേസെടുത്തതിലെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എഫ്‌ഐആർ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങൾ പാലിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. തുടർന്നാണ് തിരുവനന്തപുരം സിജെഎം കോടതി പുനരന്വേഷണം ആരംഭിച്ചത്.
അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. കേസിൽ മന്ത്രി ആന്റണി രാജു ഒന്നാം പ്രതിയും കോടതി ജീവനക്കാരനായ ജോസ് രണ്ടാം പ്രതിയുമാണ്.
മറുനാടന് ഡെസ്ക്