ലഖ്‌നൗ: ഗ്യാൻവാപി മസ്ജിദിലെ ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സർവേ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധി പറയും. സർവെയ്ക്കുള്ള ഇടക്കാല സ്റ്റേ അടുത്ത മാസം മൂന്ന് വരെ നീട്ടി. വാദം പൂർത്തിയാക്കി അടുത്ത മാസം 3ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ വാദം കേട്ടത്.

അതുവരെ സർവെ നടത്താൻ പുരാവസ്തുവകുപ്പിന് അനുമതിയില്ല. വാരണാസിയിൽ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സർവെ നടത്താൻ വാരണാസി ജില്ലാ കോടതി അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്തു പള്ളികമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സർവെ പള്ളിയെ തകർക്കുമെന്ന് പള്ളികമ്മിറ്റിയും പള്ളിക്ക് കേടുപാട് പാറ്റാതെയാവും സർവെയെന്ന് പുരാവസ്തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു.

സർവേ നടപടികൾ മസ്ജിദിന് ഒരു തരത്തിലും കേട് വരുത്തിലെന്ന് വ്യക്തമാക്കി ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം സർവേ സംബന്ധിച്ച കടുത്ത സംശയങ്ങൾ ഇന്നലെ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ പ്രകടിപ്പിച്ചിരുന്നു. സർവേ നടത്തുന്ന മാർഗം കൃത്യമായി ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് വിശദീകരിക്കാൻ കഴിയാത്തതിനാലാണ് ഹൈക്കോടതി സംശയം രേഖപ്പെടുത്തിയത്. ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ഇന്നും ഹാജരായിരുന്നു.

അതേസമയം സർവേ നടത്തുന്നതിനായി ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ ഗ്യാൻവാപി മസ്ജിദിൽ എത്തിച്ച ഉപകരണങ്ങളുടെ ഫോട്ടോകൾ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിക്ക് കൈമാറി. ഈ ഉപകരണങ്ങൾ കുഴിക്കുന്നതിനുള്ളതാണെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകർ വാദിച്ചു. ഗ്യാൻവാപി മസ്ജിദിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അതിനാൽ സർവേയുടെ ഭാഗമായി കുഴിക്കുന്നത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.