ന്യൂഡൽഹി: മണിപ്പുരിൽ കൂട്ടബലാത്സംഗത്തിന് ഇരയായവരുടെ മൊഴി മൊഴി എടുക്കുന്നത് നിർത്തിവെക്കാൻ സിബിഐയോട് സുപ്രീംകോടതി. ഉച്ചയ്ക്ക് കോടതി കേസ് പരിഗണിക്കുന്നത് വരെ മൊഴി എടുക്കരുതെന്നാണ് നിർദ്ദേശം. രണ്ടു മണിവരെ കാത്ത് നിൽക്കാൻ സിബിഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്ന് സോളിസിറ്റർ ജനറലിനോട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിർദ്ദേശം നൽകി.

മണിപ്പുരിൽ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണത്തെ എതിർത്ത് ഇരകൾ കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നുമായിരുന്നു ആവശ്യം. ഹർജിയിൽ തിങ്കളാഴ്ച വിശദമായ വാദം നടന്നിരുന്നു.

ഈ ഹർജി കഴിഞ്ഞ ദിവസം പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് സൂചന നൽകിയിരുന്നു. കേസ് ഇന്ന് പരിഗണിക്കുമ്പോൾ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.

ഇന്ന് രാവിലെയും ഇരകളെ കാണാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയെന്ന് സത്രീകളുടെ അഭിഭാഷകർ കോടതിയെ അറിയിച്ചതോടെയാണ് കോടതി നിർദ്ദേശം. ഇക്കാര്യം സിബിഐയെ അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ കോടതി ചുമതലപ്പെടുത്തി. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഉച്ചയ്ക്ക് രണ്ടിന് കോടതി പരിഗണിക്കും.