- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമങ്ങളിൽ പ്രതിഷേധിച്ച് വിഎച്ച്പി, ബജ്റങ്ദൾ റാലി; ഡൽഹിയിലും അക്രമ സാധ്യത; അനിഷ്ട സംഭവങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം; സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ പൊട്ടിപ്പുറപ്പെട്ട അക്രമം ഡൽഹിയുടെ സമീപത്തേക്കും വ്യാപിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം. അക്രമത്തെ തുടർന്ന് വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ബജ്‌റങ്ദൾ എന്നിവർ ഡൽഹിയിൽ പലയിടത്തും വൻ റാലികൾ സംഘടിപ്പിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സിസിടിവികൾ സ്ഥാപിക്കാനും കോടതി നിർദേശിച്ചു. ഹരിയാനയിൽ ക്രമസമാധാനം ഉറപ്പുവരുത്തണം. മതസ്പർധ വളർത്തുന്ന പ്രസംഗങ്ങൾ പാടില്ല. അക്രമവും നാശനഷ്ടവും ഉണ്ടാകാൻ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു.
കനത്ത സുരക്ഷയും സി.സി.ടി.വി. നിരീക്ഷണവും ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. പ്രതിഷേധ റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. റാലികൾ സാമുദായിക സംഘർഷം ആളിക്കത്തിക്കുമെന്നും ആളുകളെ അക്രമത്തിലേക്ക് നയിക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
എല്ലാ കാര്യങ്ങളും റെക്കോഡ് ചെയ്യാനായി സി.സി.ടി.വികൾ പയോഗപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ഉത്തർ പ്രദേശ്, ഹരിയാണ, ഡൽഹി സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഡൽഹിയിൽ മുപ്പതോളം ഇടങ്ങളിലാണ് വി.എച്ച്.പിയുടെയും ബജ്രംഗ് ദളിന്റെയും പ്രതിഷേധ റാലി നടക്കുന്നത്. ഹരിയാനയിലെ സംഘർഷങ്ങളിൽ എൻ.ഐ.എ. അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.
അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിഎച്ച്പി, ബജ്റങ്ദൾ പ്രവർത്തകർ നടത്തിയ പ്രകടനങ്ങളിൽ ഗതാഗതം സ്തംഭിച്ചു. ഹനുമാൻ ചാലിസ ചൊല്ലിയെത്തിയ പ്രവർത്തകർ നിർമ്മാൺ വിഹാർ മെട്രോ സ്റ്റേഷൻ പരിസരത്ത് എത്തുകയും തുടർന്ന് വികാസ് മാർഗ് ഉപരോധിക്കുകയും ചെയ്തു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഫരിദാബാദ് - ഡൽഹി പാതയിലും ഗതാഗതം മുടങ്ങി.
ഹരിയാനയിലെ നൂഹിൽ ആരംഭിച്ച അക്രമം രാജ്യതലസ്ഥാനമായ ഡൽഹിയുടെ 20 കിലോമീറ്റർ വരെ അടുത്തെത്തി. ഇതോടെ ഡൽഹിയിൽ അതീവ ജാഗ്രത പുലർത്തുകയാണ്. തിങ്കളാഴ്ച തുടങ്ങിയ അക്രമം മൂന്നാം ദിവസവും പൂർണമായും ഒതുങ്ങിയില്ല. ചൊവ്വാഴ്ച രാത്രിയും പലയിടത്തും കടകൾ കത്തിച്ചു. ഗുരുഗ്രാം സെക്ടർ 70ലാണ് കഴിഞ്ഞ രാത്രി അക്രമം നടന്നത്.
പമ്പുകളിൽ നിന്ന് കുപ്പികളിലും മറ്റും പെട്രോൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി. നൂഹ്, ഗുരുഗ്രാം ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നൂഹ്, ഫരിദാബാദ് എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ബാദ്ഷാപുർ, സോഹ്ന റോഡ്, പട്ടൗഡി ചൗക്, സെക്ടർ 67, സെക്ടർ 70, സെക്ടർ 57 എന്നിവിടങ്ങളിലാണ് അക്രമം അരങ്ങേറിയത്.
മറുനാടന് ഡെസ്ക്