ന്യൂഡൽഹി: മുഹമ്മദ് നിഷാം പ്രതിയായ ചന്ദ്രബോസ് വധക്കേസ് ഭയാനകമായ അപകട കേസാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. നിഷാമിന്റെത് വെറും വാഹനാപകട കേസ് മാത്രമാണെന്നും എന്തിനാണ് കൊലക്കുറ്റം ചുമത്തിയതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലാണ് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയുടെ സുപ്രധാന നിരീക്ഷണം.

ചന്ദ്രബോസ് വധക്കേസിൽ കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ അപ്പീൽ ഒരു മാസത്തിന് ശേഷം അന്തിമ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി മാറ്റിവെച്ചു. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിയത്. നിഷാം നൽകിയ ജാമ്യാപേക്ഷയും അന്തിമ വാദം കേൾക്കുന്ന സമയത്ത് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മുഹമ്മദ് നിഷാമിന്റേത് വെറും വാഹനാപകട കേസ് മാത്രമാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞത്. വെറും വാഹനാപകടക്കേസിൽ എന്തിനാണ് കൊലക്കുറ്റം ചുമത്തിയതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് വെറും വാഹനാപകട കേസല്ല ഇതെന്നും ഭയാനകമായ അപകടക്കേസാണെന്നും ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ നിരീക്ഷിച്ചത്.

നിഷാം ഒമ്പത് വർഷമായി തടവിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും മുകുൾ റോത്തഗി ആവശ്യപ്പെട്ടു. ഇക്കാലയളവിൽ ഒരു മാസം മാത്രമാണ് നിഷാമിന് പരോൾ ലഭിച്ചതെന്നും റോത്തഗി ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിൽ അന്തിമ വാദം കേൾക്കുമ്പോൾ ജാമ്യാപേക്ഷയും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ നിഷാം നൽകിയ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്

ഒമ്പത് വർഷമായി ജയിലിൽ കഴിയുന്ന നിഷാമിന് ഒരു മാസം മാത്രമാണ് പരോൾ ലഭിച്ചതെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും മുകുൾ റോത്തഗി ആവശ്യപ്പെട്ടു. തുടർന്നാണ് കേസിൽ അന്തിമ വാദം കേൾക്കുമ്പോൾ ജാമ്യാപേക്ഷയും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. മുകുൾ റോത്തഗിക്ക് പുറമെ അഭിഭാഷകൻ ഹാരിസ് ബീരാനും നിഷാമിന് വേണ്ടി ഹാജരായി. സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് സംസ്ഥാന സർക്കാരിന് വേണ്ടി കോടതിയിലെത്തിയത്.

2015 ജനുവരി 29 പുലർച്ചെ 3.15ന് ആണ് കേസിന് ആസ്പദമായ സംഭവം. ശോഭാ സിറ്റിയിലേക്കെത്തിയ മുഹമ്മദ് നിസാമിന്റെ ഹമ്മർ കാറിന് കടന്നു പോകാൻ ഗേറ്റ് തുറക്കാൻ വൈകിയ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടശാംകടവ് കാരമുക്ക് കാട്ടുങ്ങൽ ചന്ദ്രബോസിന് നിസാമിന്റെ ക്രൂരമർദനമേൽക്കുകയായിരുന്നു. ജീവന് വേണ്ടി ശോഭാ സിറ്റിക്കുള്ളിലെ ജലധാരയിലേക്ക് ഓടിക്കയറിയ ചന്ദ്രബോസിനെ ഹമ്മറിൽ പിന്തുടർന്ന നിസാം കാറിടിച്ചു വീഴ്‌ത്തി. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കെ മരിച്ചു.