- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൈമറി അദ്ധ്യാപകരാകാൻ ബി.എഡ് ബിരുദമുള്ളവർ യോഗ്യരല്ല; രാജസ്ഥാൻ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി; എൻസിടിഇയുടെ വിജ്ഞാപനം റദ്ദാക്കി
ന്യൂഡൽഹി: പ്രൈമറി സ്‌കൂൾ തലത്തിൽ അദ്ധ്യാപകരാകാൻ ബി.എഡ് ബിരുദമുള്ളവർ യോഗ്യരല്ലെന്ന രാജസ്ഥാൻ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി. പ്രൈമറി സ്‌കൂൾ തലത്തിൽ അദ്ധ്യാപനത്തിനുള്ള യോഗ്യതയായി ബി.എഡ് ഉൾപ്പെടുത്തി 2018 ജൂൺ 28ന് പുറപ്പെടുവിച്ച നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) വിജ്ഞാപനം റദ്ദാക്കി. പ്രൈമറിക്ലാസുകളിലെ അദ്ധ്യാപന യോഗ്യതയായി ബി.എഡ് ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സുപ്രീം കോടതി വിമർശിച്ചു.
പ്രൈമറി സ്‌കൂൾ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ ബോധനശാസ്ത്രം (Pedagogical Training) ബി.എഡ് അദ്ധ്യാപകർ നേടുന്നില്ല എന്നതിനാൽ പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ബി.എഡ് അദ്ധ്യാപകർക്കാവില്ലെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. അധികയോഗ്യത എന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നതിനർത്ഥമില്ലെന്നും കോടതി വ്യക്തമാക്കി. പ്രാഥമിക വിദ്യാഭ്യാസം നല്ല നിലവാരമുള്ളതായിരിക്കണം, അല്ലാതെ ഒരു ആചാരമോ ഔപചാരികമോ മാത്രമല്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.
'ബി.എഡ് എന്നത് പ്രൈമറി ക്ലാസുകളിലെ പ്രൈമറി തലത്തിൽ പഠിപ്പിക്കുന്നതിനുള്ള ഒരു യോഗ്യതയല്ല, പ്രൈമറി ക്ലാസുകളുടെ പശ്ചാത്തലത്തിൽ മെച്ചപ്പെട്ടതോ ഉയർന്നതോ ആയ യോഗ്യതയാണ്. പ്രൈമറി ക്ലാസുകളിൽ നിയമിക്കപ്പെടുന്ന ബി.എഡ് യോഗ്യതയുള്ള എല്ലാ അദ്ധ്യാപകരും രണ്ട് വർഷത്തിനുള്ളിൽ ബോധനശാസ്ത്ര കോഴ്‌സിന് വിധേയരാകണമെന്ന എൻസിടിഇ നിബന്ധനയിലൂടെ തന്നെ കാര്യം വ്യക്തമാണ്'
ബിഎഡുകാർക്ക് 1- 5 ക്ലാസുകളിൽ അദ്ധ്യാപകരാകാമെന്ന് 2018-ൽ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) പ്രഖ്യാപിച്ചിരുന്നു, ഇതോടെ രാജസ്ഥാൻ എലിജിബിലിറ്റി ടെസ്റ്റിൽ നിന്ന് ബി.എഡ് യോഗ്യതയുള്ളവരെ ഒഴിവാക്കിയത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ വിജ്ഞാപനം അസാധുവാണെന്നും ബി.എഡ് യോഗ്യതയുള്ളവർ പ്രൈമറി അദ്ധ്യാപകരാകാൻ അയോഗ്യരാണെന്നും ഹൈക്കോടതി വിധിച്ചു. ഈ വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.
മറുനാടന് ഡെസ്ക്