ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റി. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. കേസ് നടത്തിപ്പിനും മറ്റും ഓൺലൈൻ സൗകര്യങ്ങൾ സിബിഐയ്ക്ക് ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇരകൾക്കു മണിപ്പുരിൽനിന്നു ഓൺലൈനായി അസമിലെ പ്രത്യേക കോടതിയിൽ മൊഴി നൽകാനും സൗകര്യമുണ്ടാകുമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. കേസുകളുടെ വിചാരണ നടപടികൾ അസമിലേക്കു മാറ്റണമെന്ന സർക്കാർ ആവശ്യം പരിഗണിച്ചാണു നടപടി. പ്രത്യേക വിഭാഗങ്ങളിൽപ്പെട്ട മണിപ്പുരിലെ ജഡ്ജിമാർ കേസുകൾ പരിഗണിക്കുന്നതു പിന്നീട് പക്ഷപാത ആരോപണങ്ങൾക്കു കാരണമാകുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസിൽ നീതീ ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. .വിചാരണനടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നൽകി. മണിപ്പൂരിലെ ഭാഷ അറിയുന്ന ജഡ്ജിമാരാകണം ഇവർ. . പ്രതികളെ ഹാജരാക്കൽ , റിമാൻഡ്, ജുഡീഷ്യൽ കസ്റ്റഡി, കസ്റ്റഡി നീട്ടൽ എന്നീ അപേക്ഷകൾക്ക് ഈ ജഡ്ജിമാരെ സിബിഐ സമീപിക്കണം.

വിചാരണ ഉൾപ്പെടെ നടപടികൾ ഓൺലൈനായി നടത്തണം.പ്രതികളും പരാതിക്കാരും നേരിട്ട് അസമിൽ എത്തേണ്ടതില്ല.എന്നാൽ സാക്ഷികളുടെ രഹസ്യമൊഴി മണിപ്പൂർ ഹൈക്കോടതി നിയമിക്കുന്ന ജഡ്ജിമാർ നേരിട്ടെത്തി രേഖപ്പെടുത്തണം. ഇതിനായി മണിപ്പൂർ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് നടപടി സ്വീകരിക്കണം.

പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഓൺലൈനായി ഈ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ നടത്തണം.കേസുകളുടെ വിചാരണ നടപടികൾ തടസമില്ലാതെ നടത്താൻ ഇന്റർനെറ്റ് സംവിധാനം നൽകുമെന്ന് കേന്ദ്രം അറിയിച്ചു. കേസിൽ നേരിട്ട് ഹാജരാകാൻ താൽപര്യമുള്ളവരെ തടയില്ലെന്നും കോടതി വ്യക്തമാക്കി.

ആവശ്യമെങ്കിൽ ഒന്നിലധികം വിചാരണാക്കോടതി ജഡ്ജിമാരെ ചുമതലപ്പെടുത്താനും സുപ്രീം കോടതി നിർദേശിച്ചു. മണിപ്പുർ കലാപത്തിനിടെ ഏഴു വയസ്സുകാരനെയും അമ്മയെയും ബന്ധുവിനെയും ആംബുലൻസിൽ ചുട്ടുകൊന്ന കേസ് അടക്കം 20 കേസുകളാണ് സിബിഐയ്ക്കു കൈമാറിയത്. കുക്കികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നു മെയ്‌തെയ് വനിത നൽകിയ പരാതിയും സിബിഐക്കു കൈമാറിയിട്ടുണ്ട്.