ന്യൂഡൽഹി: ഭാര്യയെ തല്ലാനും പീഡിപ്പിക്കാനും ഒരു നിയമവും ഭർത്താവിന് അവകാശം നൽകുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റം കാരണം സ്ത്രീക്ക് വിവാഹമോചനം അനുവദിച്ചാണ് നിലപാട് വ്യക്തമാക്കുന്നത്. ഭർത്താവ് മർദിക്കാറുണ്ടെന്ന സ്ത്രീയുടെ വാദം ശരിവെയ്ക്കുന്ന മെഡിക്കൽ രേഖകൾ പരിശോധിച്ചാണ് തീരുമാനം പ്രഖ്യാപിക്കൽ. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റിന്റെയും നീന ബൻസാൽ കൃഷ്ണയുടെയും ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഇരുകക്ഷികളും വിവാഹിതരാണ്, പ്രതി ഭർത്താവാണ് എന്നതു കൊണ്ടൊന്നും ഭാര്യയെ മർദിക്കാനും പീഡിപ്പിക്കാനുമുള്ള അവകാശം ഒരു നിയമവും പുരുഷന് നൽകുന്നില്ല. പ്രതിയുടെ അത്തരം പെരുമാറ്റം ക്രൂരതയാണ്. 1955ലെ ഹിന്ദു വിവാഹ നിയമത്തിന്റെ സെക്ഷൻ 13(1) (ഐഎ) പ്രകാരം പരാതിക്കാരിക്ക് വിവാഹമോചനത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

കുടുംബ കോടതി വിവാഹമോചന ഹർജി തള്ളിയതിനെ തുടർന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീയുടെ പരാതിയിൽ സാധുതയുണ്ടെന്ന് കണ്ടെത്തി വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. വിവാഹമോചനത്തോട് ഭർത്താവ് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഒടുവിൽ വിവാഹ മോചനം നൽകുകയും ചെയ്തു.

2013ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞയുടൻ തന്നെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടിവന്നു. കാലക്രമേണ എല്ലാം ശരിയാവുമെന്ന് കരുതി സഹിച്ച് ഭർത്താവിന്റെ വീട്ടിൽ തുടർന്നു. പക്ഷെ ഭർത്താവും കുടുംബവും തന്നെ ഒഴിവാക്കണമെന്നാണ് ആഗ്രഹിച്ചത്. സ്ത്രീധനം വേണമെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. തന്നെ ഒഴിവാക്കി സമ്പന്ന കുടുംബത്തിൽ നിന്ന് വീണ്ടും വിവാഹം കഴിക്കാൻ ഭർത്താവ് ആഗ്രഹിച്ചിരുന്നുവെന്ന് യുവതി കോടതിയിൽ പറഞ്ഞു.

ഒരിക്കൽ തന്നെ സ്വന്തം വീട്ടിലാക്കിയ ശേഷം പിന്നീട് ഒരിക്കലും ഭർത്താവ് തിരിച്ചുവിളിച്ചില്ലെന്ന് യുവതി പറഞ്ഞു. പരാതിക്കാരിയുമായുള്ള വിവാഹ ജീവിതം തുടരാൻ പ്രതി ആഗ്രഹിച്ചിരുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവ് മർദിക്കാറുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ വാദം സാധൂകരിക്കുന്ന വൈദ്യപരിശോധനാ രേഖകൾ കൂടി പരിഗണിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്.