- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ കൊലപാതകത്തിൽ മകനെ പ്രതിയാക്കി; ഒൻപതരവർഷത്തെ ജയിൽ വാസത്തിനുശേഷം മകൻ കുറ്റക്കാരനല്ലെന്ന് വിധിച്ച് ഹൈക്കോടതി: ജ്യോതികുമാറിനെ ജയിലിലാക്കിയത് സിബിഐ അന്വേഷണം: ഒടുവിൽ നീതി കിട്ടിയെന്ന്48കാരൻ
തിരുവനന്തപുരം: പിതാവിന്റെ കൊലപാതകത്തിൽ സിബിഐ പ്രതിയാക്കിയ മകനെ ഒൻപതരവർഷത്തെ ജയിൽ ശിക്ഷയ്ക്കുശേഷം കുറ്റക്കാരനല്ലെന്ന് വിധിച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻബഞ്ച് കുറ്റവിമുക്തനാക്കിയ കാഞ്ഞിരംകുളം തൻപൊന്നൻകാല വീട്ടിൽ മകൻ ബി.ഡബ്ല്യു. ജോതികുമാർ (48) ജയിൽമോചിതനായി. ജസ്റ്റിസുമാരായ പി.ബി. സുരേഷ്‌കുമാർ, സി.എസ്. സുധ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ജ്യോതികുമാറിനെ കുറ്റവിമുക്തനാക്കിയത്.
അച്ഛന്റെ മരണത്തിൽ ജ്യോതികുമാർ തന്നെ ആവശ്യപ്പെട്ട സിബിഐ. അന്വേഷണത്തിനൊടുവിൽ ജ്യോതികുമാർ തന്നെ പ്രതിയാവുകയായിരുന്നു. തുടർന്ന് സിബിഐ. കോടതിയാണ് ജ്യോതികുമാറിന് ജീവപര്യന്തം ശിക്ഷവിധിച്ചിതും ജയിലിലാക്കിയതും. ചെയ്യാത്ത കുറ്റത്തിന് ഒൻപതരവർഷം ജയിലിൽ കിടന്നെങ്കിലും അവസാനം നീതികിട്ടിയെന്ന് ജ്യോതികുമാർ പറഞ്ഞു.
2004-ഫെബ്രുവരി 16-നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരംകുളം ചാവടിയിൽ പലവ്യഞ്ജനക്കട നടത്തിയിരുന്ന തൻപോന്നൻകാല വീട്ടിൽ വിൽസണെ (57) കഴുത്തിൽ കുത്തേറ്റനിലയിൽ കണ്ടെത്തുകയായിരിന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ വിൽസൺ മരിച്ചു. കാഞ്ഞിരംകുളം പൊലീസിന്റെ അന്വേഷണത്തിൽ സമീപവാസികളായ അച്ഛനെയും മകനെയും അറസ്റ്റുചെയ്തു. വിൽസണിൽനിന്ന് കടംവാങ്ങിയിരുന്ന ഒരുലക്ഷത്തിലധികം രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
എന്നാൽ അന്വേക്ഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ് മകൻ ജ്യോതികുമാർ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അങ്ങനെ കേസ് സിബിഐ.ക്ക് കൈമാറി. സിബിഐ. ഉദ്യോഗസ്ഥൻ കൈമളിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയ പ്രതികളെ ഒഴിവാക്കുകയും ജ്യോതികുമാറിനെ പ്രതിയാക്കുകയുമായിരുന്നു.
ജ്യോതികുമാർ പിതാവിനോട് ആവശ്യപ്പെട്ട പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു സിബിഐ. കുറ്റപത്രം. അങ്ങനെ ജ്യോതികുമാർ ജയിലിലായി. കോടതി വിചാരണയിൽ 80-സാക്ഷികളെ വിസ്തരിക്കുകയും 88-രേഖകളും ഏഴ് തൊണ്ടിമുതലുകളും തെളിവിനായി ഹാജരാക്കുകയും ചെയ്തു. ഇതിനിടെ ജ്യോതികുമാർ ബ്രെയിന്മാപ്പിങ്ങിന് തയ്യാറാണെന്നും സമ്മതപത്രം നൽകി. വിചാരണക്കൊടുവിൽ ജ്യോതികുമാറിനെ ജീവപര്യന്തം തടവ് ശിക്ഷിച്ചു. ശിക്ഷയ്ക്കിടെ സമർപ്പിച്ച അപ്പീലിന്റെ അന്തിമവിധിയിലാണ് ജ്യോതികുമാർ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്. ജ്യോതികുമാറിനായി അഭിഭാഷകൻ ഷാജിൻ എസ്. ഹമീദ് ഹാജരായി.