ചെന്നൈ: 16 ബിസ്‌ക്കറ്റിന്റെ പായ്ക്കറ്റിൽ ഒരു ബിസ്‌കറ്റ് കുറഞ്ഞതിനെത്തുടർന്ന് ബിസ്‌ക്കറ്റ് നിർമ്മാതാക്കൾക്ക് ഒരു ലക്ഷം രൂപ പിഴചുമത്തി ഉപഭോക്തൃകോടതി. സൺഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌ക്കറ്റിലാണ് പരസ്യത്തിൽ നൽകിയതിനേക്കാളും ഒരു ബിസ്‌ക്കറ്റ് കുറവുണ്ടായിരുന്നത്. തുടർന്ന് ബിസ്‌ക്കറ്റ് നിർമ്മാതാക്കളായ ഐ.ടി.സി. ലിമിറ്റഡിനാണ് തിരുവള്ളൂർ ഉപഭോക്തൃകോടതി പിഴചുമത്തിയത്. ഈ തുക പരാതിക്കാരന് നൽകാനും കോടതി വിധിച്ചു.

16 ബിസ്‌കറ്റ് ഉണ്ടാവേണ്ടിയിരുന്ന പാക്കറ്റിൽ ഒരു ബിസ്‌കറ്റ് കുറഞ്ഞതിനാൽ ഇതിനെതിരെ ഉപഭോക്താവ് കോടതിയെ സമീപിക്കുക ആയിരുന്നു. ചെന്നൈ മണലിയിലെ ഡൽഹിബാബു എന്നയാളാണ് സൺഫീസ്റ്റ് മാരി ലൈറ്റ് നിർമ്മാതാക്കളായ ഐ.ടി.സിക്കെതിരെ ഉപഭോക്തൃകോടതിയെ സമീപിച്ചത്. തെരിവു നായ്ക്കൾക്ക് കൊടുക്കാൻ വേണ്ടിയാണ് ഇദ്ദേഹം ബിസ്‌ക്കറ്റ് വാങ്ങിയത്. ബിസ്‌ക്കറ്റിന്റെ കവറിൽ 16 ബിസ്‌ക്കറ്റ് എന്നെഴുതിയത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നാൽ കവർ പൊട്ടിച്ചപ്പോൾ 15 ബിസ്‌ക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.

2021-ൽ മണലിയിലെ കടയിൽനിന്നാണ് ഡൽഹി ബാബു ബിസ്‌കറ്റ് വാങ്ങിയത്. ഒരു ബിസ്‌ക്കറ്റിന്റെ കുറവിനെ കുറിച്ച് ഡൽഹി ബാബു ബിസ്‌കറ്റ് വിറ്റ കട, ഐ.ടി.സി. അധികൃതർ എന്നിവരിൽനിന്ന് വിശദീകരണം ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. അന്യായമായ വ്യാപാരസമ്പ്രദായവും സേവനത്തിലെ പോരായ്മയും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പരാതിക്കിടയാക്കിയ പ്രത്യേക ബാച്ചിന്റെ (നമ്പർ 0502 സി 36) ബിസ്‌കറ്റുകൾ വിൽക്കരുതെന്നും നിർദേശിച്ചു. പരാതിക്കാരന് കോടതിവ്യവഹാരത്തിനായി 10,000 രൂപ നൽകാനും ഉത്തരവിട്ടു. ബിസ്‌കറ്റിന്റെ എണ്ണത്തിൽ കൃത്യതയില്ലാത്തതുമൂലം പ്രതിദിനം ലക്ഷക്കണക്കിനുപേർ വഞ്ചിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് ഡൽഹി ബാബു ചൂണ്ടിക്കാട്ടി.