- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസുടമയെ മർദിച്ച സംഭവം: കോടതിയലക്ഷ്യ നടപടികളിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം; മർദിക്കുമ്പോൾ ആലോചിക്കണമായിരുന്നുവെന്ന് കോടതി; തുറന്നകോടതിയിൽ മാപ്പ് പറയാമെന്ന് സിഐ.ടി.യു. നേതാവ്
കൊച്ചി: കോട്ടയം തിരുവാർപ്പിൽ പൊലീസ് നോക്കിനിൽക്കെ ബസുടമ രാജ്‌മോഹനെ മർദിച്ച സംഭവത്തിൽ തുറന്നകോടതിയിൽ മാപ്പ് പറയാമെന്ന് സിഐ.ടി.യു. നേതാവ് അജയൻ. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തുറന്നകോടതിയിൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്ന് സിഐ.ടി.യു. നേതാവ് ഹൈക്കോടതിയെ അറിയിച്ചത്. ക്രിമിനൽ കേസ് നിലനിൽക്കുന്നതിനാൽ കോടതിയലക്ഷ്യ നടപടികളിൽനിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.
സിഐ.ടി.യു.വുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെ ബസുടമ രാജ്‌മോഹന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് പൊലീസ് സാന്നിധ്യത്തിൽ ബസുടമയ്ക്ക് മർദനമേറ്റത്. ഇതോടെ ക്രിമിനൽ കേസിന് പുറമേ സിഐ.ടി.യു. നേതാവ് അജയനെതിരേ കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചു.
തുടർന്നാണ് ക്രിമിനൽ കേസ് നിലനിൽക്കുന്നതിനാൽ കോടതിയലക്ഷ്യ നടപടികളിൽനിന്ന് ഒഴിവാക്കണമെന്ന് സിഐ.ടി.യു. നേതാവ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇതെല്ലാം മർദിക്കുമ്പോൾ ആലോചിക്കണമായിരുന്നു എന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് ബസുടമയെ മർദിച്ച സംഭവത്തിൽ തുറന്നകോടതിയിൽ മാപ്പ് പറയാൻ തയ്യാറാണെന്ന സത്യവാങ്മൂലം സമർപ്പിച്ചത്.
സിഐ.ടി.യു. നേതാവിന്റെ സത്യവാങ്മൂലത്തിൽ തന്റെ കക്ഷിയോട് ചോദിക്കാതെ മറുപടി പറയാനാകില്ലെന്ന് രാജ്‌മോഹന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
തൊഴിലാളികളുടെ കൂലി സംബന്ധിച്ചാണ് തിരുവാർപ്പിലെ ബസുടമ രാജ്‌മോഹനും സിഐ.ടി.യുവും തമ്മിൽ തർക്കങ്ങളുണ്ടായത്. തുടർന്ന് സിഐ.ടി.യു. ബസിൽ കൊടികുത്തി സർവീസ് തടസപ്പെടുത്തി. ഇതിനെതിരേ രാജ്‌മോഹൻ പ്രതിഷേധസമരം നടത്തിയതോടെ സംഭവം വാർത്തയായി. ഇതിനിടെ വിഷയത്തിൽ കോടതി ഉത്തരവ് നിലനിൽക്കെ രാജ്‌മോഹനെ സിഐ.ടി.യു. നേതാവ് മർദിച്ചത്. ബസുടമയും തൊഴിലാളികളും തമ്മിലുള്ള കൂലിത്തർക്കം പിന്നീട് ചർച്ചചെയ്ത് പരിഹരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ