മുംബൈ: കുടുംബത്തിന്റെ ഉത്തരവാദിത്വം ഭർത്താവിനും ഭാര്യയ്ക്കും ഒരുപോലെയെന്ന് ബോംബെ ഹൈക്കോടതി. വീട്ടിലെ എല്ലാജോലിയും ഭാര്യ ചെയ്യണമെന്നത് പിന്തിരിപ്പൻ മനോഭാവമാണെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്ന് കാണിച്ച് 13 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 35-കാരൻ സമർപ്പിച്ച വിവാഹമോചനഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി.

ഭാര്യ വീട്ടുജോലി ചെയ്യാത്തതിനാൽ തനിക്കു ഭക്ഷണംകഴിക്കാതെ ഓഫീസിൽ പോകേണ്ടിവരുന്നുവെന്നായിരുന്നു 35 വയസ്സുകാരന്റെ പരാതി. ഓഫീസിൽനിന്ന് വന്നാലും വീട്ടിലെ ജോലിചെയ്യാൻ നിർബന്ധിതയായിരുന്നുവെന്ന് ഭാര്യ കോടതിയെ ബോധിപ്പിച്ചിരുന്നു. ഭർത്താവ് ശാരീരികമായി മർദിച്ചതായും അവർ പറഞ്ഞു. എന്നാൽ കുടുംബ ജീവിതത്തിൽ ഭാര്യയ്ക്കും ഭർത്താവിനും കൂട്ടുത്തരവാദിത്തമാണെന്ന് പറഞ്ഞ കോടതി കേസ് തള്ളി. ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ നിതിൻ സാംബ്രെ, ശർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റേതാണ് നിരീക്ഷണം.

സ്വന്തം അമ്മയുമായി ഫോണിൽ സംസാരിക്കാനാണ് ഭാര്യ കൂടുതൽസമയം ചെലവഴിക്കുന്നതെന്നും യുവാവ് ആരോപിച്ചിരുന്നു. ഹർജി കുടുംബകോടതി തള്ളിയതിനെത്തുടർന്നാണ് ഇയാൾ ഹൈക്കോടതിയിലെത്തിയത്. വിവാഹശേഷം സ്ത്രീകൾ മാതാപിതാക്കളുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നു കരുതാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 2010-ൽ വിവാഹിതരായ ഉദ്യോഗസ്ഥദമ്പതിമാർ കഴിഞ്ഞ പത്തുവർഷമായി അകന്നുകഴിയുകയാണ്.