കൊച്ചി: വായ്പ തിരിച്ചടവ് പൂർത്തിയായിട്ടും കരുവന്നൂർ ബാങ്കിൽ നിന്നും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജിയിൽ നിർദേശവുമായി ഹൈക്കോടതി. ആധാരം തിരികെ ലഭിക്കാൻ ഇ.ഡിക്ക് ബാങ്ക് അപേക്ഷ നൽകണം. അപേക്ഷയിൽ മൂന്നാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡി അറിയിച്ചിരുന്നു.വായ്പാ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് കാണിച്ച് തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് ആണ് ഹർജി നൽകിയത്.

കരുവന്നൂർ സഹകരണ ബാങ്കിൽ ഭൂമി പണയപ്പെടുത്തി എടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്നാണ് ഹർജിയിൽ പറയുന്നത്. അപേക്ഷയിൽ മൂന്നാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണമെന്നാണ് കോടതി നിർദ്ദേശം.

50 സെന്റ് ഭൂമി പണയപ്പെടുത്തി എടുത്ത വായ്പ ഡിസംബർ 27 നു പൂർണമായി തിരിച്ചടച്ചിട്ടും ആധാരം ഇ.ഡിയുടെ കസ്റ്റഡിയിലാണെന്നു പറഞ്ഞ് മടക്കി നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തൃശൂർ സ്വദേശി ഫ്രാൻസിസ് (80)ഹൈക്കോടതിയെ സമീപിച്ചത്. ബാങ്ക് അപേക്ഷ നൽകിയാൻ ആധാരം നൽകുന്നത് പരിഗണിക്കുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

കരുവന്നൂരിൽ തട്ടിപ്പിനിരയായ മുഴുവൻ പേർക്കും മുഴുവൻ പണവും ഉടൻ മടക്കി നൽകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കൊള്ളക്ക് കുട പിടിക്കുന്നവരും വീതം വെച്ചവരെ സംരക്ഷിക്കുന്നവരുമായി സിപിഎം മാറിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

കരുവന്നൂർ തട്ടിപ്പും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന അനിൽ അക്കരയുടെ ആരോപണം അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പോലെ കരുവന്നൂരിലും സിപിഎമ്മും ബിജെപിയും ഒത്ത് തീർപ്പിലെത്തുമോ എന്ന് സംശയമുണ്ടെന്നും സതീശൻ പറഞ്ഞു