- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിജയ് നായരാണ് ഇടപാടുകൾ നടത്തിയതെങ്കിൽ സിസോദിയയെ എങ്ങനെ പ്രതിയാകും; മറ്റെന്തെങ്കിലും തെളിവുണ്ടോ? പിഎംഎൽഎ ചുമത്തിയത് എങ്ങനെ? ഇ.ഡിയോട് ചോദ്യമുന്നയിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: മദ്യനയ കേസിലെ ഇടപാടുകൾ മലയാളി വ്യവസായിയും ആം ആദ്മി പാർട്ടി നേതാവുമായ വിജയ് നായരാണ് നടത്തിയതെങ്കിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എങ്ങനെ പ്രതിയാകുമെന്ന ചോദ്യമുന്നയിച്ച് സുപ്രീം കോടതി. ഡൽഹി മദ്യനയ അഴിമതിയിലെ ഇ ഡി കേസിൽ മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യപേക്ഷയിലാണ് സുപ്രീം കോടതിയുടെ ചോദ്യങ്ങൾ.
മനീഷ് സിസോദിയയ്ക്കെതിരെയുള്ള തെളിവ് എവിടെ എന്ന് അന്വേഷണ ഏജൻസികളോട് സുപ്രീം കോടതി ചോദിച്ചു. സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യമുന്നയിച്ചതെന്ന് എൻഡിടിവി റിപ്പോർട്ടുചെയ്തു.
തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ കോടതി, കേസിലെ പ്രതിയായ ദിനേഷ് അറോറ നൽകിയ മൊഴിയല്ലാതെ മറ്റേതെങ്കിലും തെളിവ് സിസോദിയക്കെതിരെ ഉണ്ടോ എന്നും ആരാഞ്ഞു. പിഎംഎൽഎ ചുമത്തിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. കേസിൽ തെളിവുകൾ പൂർണമല്ലെന്നും കോടതി വിലയിരുത്തി. ദിനേഷ് അറോറ പിന്നീട് കൂറുമാറി മാപ്പുസാക്ഷിയാവുകയും ജാമ്യം നേടുകയും ചെയ്തിരുന്നു.
കേസിൽ ആദ്യമായി ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ വിജയ് നായർ ഉൾപ്പടെയുള്ള ഏഴ് പേരെ പ്രതി ചേർത്തിരുന്നു. കേസ് ആദ്യം അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരുണ്ടായിരുന്നില്ല. അതേസമയം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിച്ച ഡൽഹി ഹൈക്കോടതി സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചിരുന്നു.
നേരത്തെ തന്റെ ഭാര്യയെ കാണാൻ മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം ഡൽഹി ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതിന് മുമ്പ് ഡൽഹി മദ്യനയക്കേസിൽ ജാമ്യാപേക്ഷയുമായി മനീഷ് സിസോദിയ വിവിദ കോടതികളെ സമീപിച്ചിരുന്നെങ്കിലും എല്ലാ കോടതികളിലും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. ഇതേ തുടർന്ന് ദീർഘകാലമായി അദ്ദേഹം ജയിലിൽ തുടരുകയാണ്.
കീഴ് ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മനീഷ് സിസോദിയ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ഹൈക്കോടതിയും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് മനീഷ് സിസോദിയ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.
സിസോദിയ പണം കൈപ്പറ്റിയതായാണ് അന്വേഷണ സംഘങ്ങൾ കേസെടുത്തിട്ടുള്ളത്. എന്നാൽ, മദ്യലോബിയിൽനിന്ന് സിസോദിയയുടെ പക്കൽ ആ പണം എങ്ങനെയാണ് എത്തിച്ചേർന്നതെന്ന് കോടതി ചോദിച്ചു. ''നിരവധി വ്യക്തികൾ പണം നൽകുന്നുണ്ടാകാം പക്ഷെ അതെല്ലാം മദ്യവിഷയവുമായി ബന്ധപ്പെട്ടതാവണമെന്നില്ല. തെളിവെവിടെ? ദിനേഷ് അറോയും പണം കൈപ്പറ്റിയ വ്യക്തിയാണ്, അതിനും തെളിവെവിടെ? അറോറ നൽകിയ മൊഴിയല്ലാതെ മറ്റെന്തെങ്കിലും തെളിവുണ്ടോ'', ജസ്റ്റിസ് ഖന്ന ആരാഞ്ഞു. തെളിവുകൾ അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.
പണമിടപാട് അതീവരഹസ്യമായി നടത്തിയതിനാൽ സമ്പൂർണമായി തെളിവുകൾ ഹാജരാക്കുന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന് കോടതി ശരിവെച്ചു. എന്നാൽ അവിടെയാണ് ഇഡിയും സിബിഐയും കാര്യക്ഷമത കാണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിസോദിയയെ പ്രതി ചേർത്തതിലും കോടതി അനിഷ്ടം പ്രകടിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തികച്ചും വ്യത്യസ്തമായ കുറ്റകൃത്യമാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരം സിസോദിയക്കെതിരെ കേസെടുത്തതിനേയും കോടതി വിമർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ