മലപ്പുറം: സോളാർ പ്ലാന്റ് സ്ഥാപിച്ച ശേഷം വൈദ്യുതി ബിൽതുക വർധിച്ചെന്ന പരാതിയിൽ, പ്ലാന്റിന് ചെലവായ തുകയും നഷ്ടപരിഹാരവുമടക്കം തിരികെ നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. മലപ്പുറം കൊളത്തൂർ മർക്കസ് തസ്‌കിയത്തിൽ ഇർഷാദിയ എന്ന സ്ഥാപനമാണ് പരാതി നൽകിയത്. സോളാർ പ്ലാന്റ് സ്ഥാപിക്കാൻ ചെലവഴിച്ച 6,80,000 രൂപ തിരികെ നൽകാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുമാണ് വിധി.

സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ വൈദ്യുതി ബില്ല് കുറയുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ ഇതിന് ശേഷം വൈദ്യുതി ബില്ല് വർധിച്ചതായി കണ്ടതിനെ തുടർന്ന് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. പ്ലാന്റ് പരിശോധിക്കാൻ പോലും എതിർകക്ഷി തയ്യാറായില്ലെന്നും കരാർ പ്രകാരം നിശ്ചയിച്ച വസ്തുക്കളല്ല പ്ലാന്റ് നിർമ്മാണത്തിന് ഉപയോഗിച്ചതെന്നും പരാതിക്കാർ പറയുന്നു.

ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ റിയാസ് മുഹമ്മദിനെ എക്‌സ്പേർട്ട് കമ്മീഷണറായി പരിശോധനക്ക് നിയോഗിച്ചു. രേഖകളും എക്‌സ്‌പേർട്ട് കമ്മീഷൻ റിപ്പോർട്ടും പരിശോധിച്ച ശേഷം പരാതിക്കാരന്റെ ആക്ഷേപം ശരിയെന്ന് കണ്ടെത്തിയാണ് കമ്മീഷന്റെ വിധി.

സോളാർ പ്ലാന്റ് സ്ഥാപിക്കാൻ ചെലവഴിച്ച 6,80,000 രൂപ തിരികെ നൽകാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും കമ്മീഷൻ ഉത്തരവിട്ടു. കോടതി ചെലവായി 10000 രൂപയും നൽകണം. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധി തിയ്യതി മുതൽ ഒമ്പത് ശതമാനം പലിശയും നൽകണം. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് വിധി പറഞ്ഞത്. സ്ഥാപനത്തിന് വേണ്ടി പുതുവത്ത് അബൂബക്കർ എന്നയാളാണ് പരാതി നൽകിയത്.

അതേ സമയം പുറത്തുനിന്ന് വൻ വില കൊടുത്തു വൈദ്യുതി വാങ്ങുന്ന കെ.എസ്. ഇ.ബി, സംസ്ഥാനത്തെ ജനങ്ങൾ സോളാർ പാനലുകൾ സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നൽകുന്ന വില വെട്ടിക്കുറച്ചുവെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. യൂണിറ്റിന് 3.22രൂപ നൽകിയിരുന്നത് 2.69രൂപയാക്കി. നാട്ടിൽ സോളാർ വ്യാപകമായാൽ അമിത വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ തോത് ക്രമേണ കുറച്ചുകൊണ്ടുവരാനാവും. ആ വഴിയാണ് കെ.എസ്.ഇ.ബി തന്നെ അടയ്ക്കുന്നത്.

കേരളത്തിന് വൈദ്യുതി വിൽക്കുന്ന വൻകിട കമ്പനികൾക്കായിരിക്കും അതിന്റെ ഗുണം. കഴിഞ്ഞ സെപ്റ്റംബറിൽ കെ.എസ്.ഇ.ബി നൽകിയ അപേക്ഷ പരിഗണിച്ചാണ് റെഗുലേററ്റി കമ്മിഷൻ മിച്ച സോളാർ വൈദ്യുതിയുടെ വില കുത്തനെ കുറച്ചത്.3.22രൂപയ്ക്ക് സോളാർ വൈദ്യുതി ജനങ്ങളിൽ നിന്ന് വാങ്ങുമ്പോൾ വൻ നഷ്ടമാണ് നേരിടുന്നതെന്നാണ് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിലുള്ളത്. ശരാശരി വില 1.53രൂപയേ ഉള്ളുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.ഇത് കണക്കിലെടുത്താണ് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം.

ജലവൈദ്യുതി ഉത്പാദനം കൂടിയതിനാൽ മൊത്തത്തിലുള്ള ഉത്പാദനച്ചെലവിലുണ്ടായ ആനുപാതികമായ കുറവു പരിഗണിച്ചാണ് കുറഞ്ഞ വില നിശ്ചയിച്ചതെന്നാണ് കെ.എസ്. ഇ.ബി വാദം.പകൽ ഉത്പാദിപ്പിക്കുന്ന സൗരോർജ വൈദ്യുതി കെ. എസ്. ഇ.ബിയുടെ ഗ്രിഡിലേക്കു നൽകുകയും പകരം എല്ലായിപ്പോഴും കെ. എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കുകയുമാണു സൗരോർജ വൈദ്യുതി ഉത്പാദകർ സാധാരണ ചെയ്യുന്നത്.