- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്തിനാണ് നിസ്സാരമായ കാര്യങ്ങൾക്ക് ഹർജിയുമായെത്തുന്നത്?' ലക്ഷദ്വീപ് എംപിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചതിരായ ഹർജി തള്ളി; ഹർജിക്കാരനായ അഭിഭാഷകന് പിഴയിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: ലക്ഷദ്വീപ് എംപിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചത് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയതിനൊപ്പം ഹർജിക്കാരന് പിഴയിട്ട് സുപ്രീംകോടതി. ഹർജിക്കാരനായ ലഖ്‌നോവിൽ നിന്നുള്ള അഭിഭാഷകൻ അശോക് പാണ്ഡ്യക്കാണ് പിഴയിട്ടത്. എന്തിനാണ് ഇത്ര നിസ്സാരമായ കാര്യങ്ങൾക്ക് ഹർജിയുമായി കോടതിയിലെത്തുന്നതെന്നും ചോദിച്ചു.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനം നഷ്ടമായാൽ ആ കേസിൽ കുറ്റക്കാരനല്ലെന്ന് വിധിക്കുന്നത് വരെ അയാൾ അയോഗ്യനായിരിക്കുമെന്ന വാദമാണ് കോടതിയിൽ അശോക് പാണ്ഡ്യ ഉയർത്തിയത്. എന്നാൽ ജസ്റ്റിസ് ബി.ആർ ഗവായ്, അരവിന്ദ് കുമാർ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജി തള്ളുകയായിരുന്നു. ഇതിന് പുറമേ ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
നേരത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞക്കെതിരെയും ഇയാൾ ഹർജി നൽകിയിരുന്നു. ഞാൻ എന്ന അർഥം വരുന്ന 'ഐ' എന്ന വാക്ക് സത്യപ്രതിജ്ഞയിൽ ചീഫ് ജസ്റ്റിസ് ഉപയോഗിച്ചില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ അസാധുവാണെന്നുമായിരുന്നു ഹർജിയിലെ വാദം. എന്നാൽ, വാദം അംഗീകരിക്കാതിരുന്ന കോടതി അഭിഭാഷകന് അന്ന് അഞ്ച് ലക്ഷം രൂപ പിഴയാണിട്ടത്.
നേരത്തെ എൻ.സി.പിയുടെ അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ, വധശ്രമക്കേസിൽ കുറ്റവാളിയാണെന്ന കവരത്തി കോടതി വിധി മരവിപ്പിക്കാത്ത കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഫൈസലിന് എംപിയായി തുടരാമെന്നും ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയിരുന്നു.
മുൻ കേന്ദ്രമന്ത്രി പി.എം. സഈദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫൈസലിനെയും കുടുംബത്തിലെ മൂന്നുപേരെയും കവരത്തി ജില്ല സെഷൻസ് 10 വർഷം തടവിന് ശിക്ഷിച്ചത്. ഫൈസൽ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി നിർദേശ പ്രകാരം രണ്ടാമതും കേരള ഹൈക്കോടതി പരിഗണിച്ചിരുന്നു.
ജയിൽ ശിക്ഷ സ്റ്റേ ചെയ്‌തെങ്കിലും കുറ്റവാളിയാണെന്ന വിചാരണ കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചിരുന്നില്ല. തുടർന്ന് ലോക്‌സഭാ സ്പീക്കർ രണ്ടാമതും ഫൈസലിനെ അയോഗ്യനാക്കുകയായിരുന്നു.ഹൈക്കോടതി ഉത്തരവിനെതിരെ ഫൈസൽ നൽകിയ അപ്പീൽ സുപ്രീംകോടതി അംഗീകരിച്ചു. കോൺഗ്രസും എൻ.സി.പിയും തമ്മിലുള്ള ഏറ്റുമുട്ടലാണിതെന്നും എല്ലാ സാക്ഷികളും കോൺഗ്രസുകാരാണെന്നും ഫൈസലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
എഫ്.ഐ.ആർ പ്രകാരം, ഫൈസലിന്റെ പക്കൽ ആയുധമുണ്ടായിരുന്നില്ല. ഫൈസൽ എംപിയായ ശേഷം കേസിലെ കഥ മാറ്റിയെന്നും എഫ്.ഐ.ആർ തിരുത്തി, വധിക്കാനുള്ള ആയുധമെന്ന നിലയിൽ ഇരുമ്പുദണ്ഡ് കൂടി ഉൾപ്പെടുത്തുകയായിരുന്നുവെന്നും സിബൽ വാദിച്ചു.
മറുനാടന് മലയാളി ബ്യൂറോ