- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയാഘാതത്തിന് വരെ കാരണമാകുമെന്ന് പഠന റിപ്പോർട്ട്; ഡൽഹിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യമെന്ന് സുപ്രീംകോടതി; എല്ലാ വർഷവും ഇങ്ങനെ സഹിച്ചിരിക്കാൻ പറ്റില്ല; രാഷ്ട്രീയക്കളി അവസാനിപ്പിക്കണം; വിട്ടുവീഴ്ചയില്ലെന്നും കോടതി
ന്യൂഡൽഹി: ഡൽഹിയിൽ നിലവിലെ വായുവിന്റെ ഗുണനിലവാരം അത്യന്തം അപകടകരമായ അവസ്ഥയിലെന്ന പഠന റിപ്പോർട്ടുകൾക്ക് പിന്നാലെ കർശന ഇടപെടലുമായി സുപ്രീം കോടതി. ഡൽഹിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പഞ്ചാബിലെ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ പൊലീസിനെ ഇറക്കണമെന്ന് നിർദ്ദേശിച്ച കോടതി ഒരിഞ്ച് പോലും ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ച അനുവദിക്കില്ലെന്നും വ്യക്തമാക്കി. കെജരിവാളിന്റെ മുഖത്തേറ്റ അടിയാണ് കോടതി പരാമർശങ്ങളെന്ന് ബിജെപി പ്രതികരിച്ചു.
എല്ലാ വർഷവും ഇങ്ങനെ സഹിച്ചിരിക്കാൻ പറ്റില്ലെന്നും രാഷ്ട്രീയക്കളി അവസാനിപ്പിച്ചോളൂയെന്നും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചാണ് മലിനീകരണത്തിൽ ഡൽഹി പഞ്ചാബ് സർക്കാരുകൾക്കെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചത്. മലനീകരണം പേടി സ്വപ്നമായി മാറുകയാണ്. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതും വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണവുമാണ് പ്രധാന കാരണങ്ങൾ. ഡൽഹിയിലെ കുട്ടികളടക്കം നിരവധി പേരാണ് രോഗികളാകുന്നത്.
പഞ്ചാബിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കരുതെന്ന് നിർദ്ദേശമുള്ളപ്പോഴും സർക്കാർ കാഴ്‌ച്ചക്കാരാകുകയാണ്. ഹരിയാനയിലും കത്തിക്കുന്നു. ചീഫ് സെക്രട്ടറിമാരാണ് ഉത്തരവാദികൾ. അതാതിടങ്ങളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് ഇത് തടയേണ്ടത്. ഇനി ആവർത്തിച്ചാൽ ഉത്തരവാദിത്തം രണ്ട് കൂട്ടർക്കായിരിക്കുമെന്നും കോടതി പറഞ്ഞു.
ഡൽഹിയും പഞ്ചാബും ഭരിക്കുന്നത് ഒരേ സർക്കാരല്ലേയെന്നും കോടതി ചോദിച്ചു. മലനീകരണ നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിച്ചതിന് 27, 743 പിഴ ചെലാനുകൾ നൽകിയിട്ടുണ്ടെന്നും , പതിനഞ്ച് വർഷം കഴിഞ്ഞ പതിനാലായിരത്തിലധികം വാഹനങ്ങൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.
ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം ഇത്തവണയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചപ്പോൾ മുൻപ് അത് ഫലപ്രദമായിരുന്നോയെന്നും കോടതി ചോദിച്ചു.ഹർജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
അന്തരീക്ഷ മലിനീകരണത്താൽ ഡൽഹിയിലെ വായു വളരെയധികം വിഷലിപ്തമായി കഴിഞ്ഞുവെന്നും ഇത് തുടർച്ചയായി ശ്വസിക്കുന്നവരിൽ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടുതലാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ബെംഗളൂരുവിലെ സാക്ര വേൾഡ് ഹോസ്പിറ്റലുമായി ചേർന്ന് പ്രവർത്തിക്കുന്ന സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.ദീപക് കൃഷ്ണമൂർത്തിയാണ് ഇത്തരത്തിൽ ഒരു പഠനം റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണത്തിന്റെ ക്രമാതീതമായ വർദ്ധനവ് നാം തിരിച്ചറിയാതെ പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വായു മലിനീകരണവും ആഗോള മരണനിരക്കും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന വിഷയത്തിൽ ഇദ്ദേഹം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ വായു മലിനീകരണം ഗുരുതരമായി ബാധിക്കുമെന്നും രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷിയെ ഇത് മന്ദഗതിയിൽ ആക്കുമെന്നുമാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.
വായു മലിനീകരണത്തിന്റെ തോത് ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നത് ദൂരവ്യാപകമായ നിരവധി അപകടങ്ങളാണ് ക്ഷണിച്ച് വരുത്തുന്നതെന്നും ഡോ.ദീപക് കൃഷ്ണമൂർത്തി ചൂണ്ടിക്കാണിച്ചു. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ ബോധപൂർവ്വമായ ഇടപെടലുകൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും വ്യക്തിപരവുമായ തലങ്ങളിൽ നടത്തുന്ന ഇടപെടലുകൾ വായു മലിനീകരണത്തിന്റെ തോത് എങ്ങനെ കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മലിനീകരണത്തെ തടയും വിധത്തിലുള്ള ഗതാഗത പരിഷ്‌കരണങ്ങൾ നടപ്പിലാക്കണമെന്നും നിയമങ്ങൾ കൂടുതൽ കർശനമായി ആളുകൾ പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ വാഹനങ്ങളുടെ അനാവശ്യമായ ഉപയോഗം അവസാനിപ്പിക്കണം. ഒപ്പം വ്യക്തിഗത തലത്തിൽ, ഫെയ്‌സ് മാസ്‌കുകളും എയർ പ്യൂരിഫയറുകളും ഉപയോഗിക്കാനും പഠന റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. അലസമായ ജീവിതശൈലിയിൽ നിന്നും മാറി ആരോഗ്യപ്രദമായ ജീവിത ശൈലിയിലേക്ക് ആളുകൾ വരണമെന്നും പ്രതിരോധ മരുന്നുകളും മറ്റും ഉപയോഗിക്കുന്നതിൽ മടി കാണിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. ഇതിനിടെ ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. ഇന്നലെ 480 ആയിരുന്നു ഗുണലനിലവാര സൂചികയെങ്കിൽ ഇന്നത് 394 ആയിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ