കൊച്ചി: ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ബീഹാർ സ്വദേശി അസ്ഫാക്ക് ആലത്തിന് ശിക്ഷ വിധിക്കുന്ന കാര്യത്തിൽ ഇന്നു വാദം നടക്കും. വിധി ഇന്നുണ്ടാകാനും സാധ്യത ഏറെയാണ്. പ്രതിക്ക് വധശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ.

പ്രതിക്കു പറയാനുള്ളതു കേട്ടശേഷം ശിക്ഷാവിധിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേൾക്കും.പ്രതിക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളുള്ളതിനാൽ സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരമുള്ള റിപ്പോർട്ടുകൾ നേരത്തെ കോടതി തേടിയിരുന്നു. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടും ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും പ്രതിയുടെ മനോനില സംബന്ധിച്ച റിപ്പോർട്ടും മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ നൽകുന്നതിന് അനകൂലമായി ഈ റിപ്പോർട്ടുകൾ മാറിയേക്കും.

കുറ്റക്കാരനെന്ന് വിധിച്ച ശേഷവും പ്രതിക്ക് കൂസലൊന്നുമില്ല. കുറ്റബോധമില്ലാതെയാണ് നടപ്പ്. ഇതെല്ലാം പൊതു സമൂഹവും ചർച്ച ചെയ്യുന്നുണ്ട്. അസ്ഫാക്ക് ആലം കുറ്റക്കാരനാണെന്ന് കഴിഞ്ഞ ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, പീഡനം, പ്രകൃതിവിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി 16 കുറ്റങ്ങളാണ് ചുമത്തിയത്. ഇവയെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എല്ലാ കുറ്റവും തെളിഞ്ഞതും വധശിക്ഷയ്ക്ക് സാധ്യത കൂട്ടുന്നു.

ജൂലായ് 28നാണ് കുട്ടിയെ ആലുവ മാർക്കറ്റിനു പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് നൂറാം ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അതിവേഗ വിചാരണയാണ് കേസിലുണ്ടായത്. എല്ലാ നടപടിക്രമങ്ങളും റിക്കോർഡ് വേഗത്തിലുമായി. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിൽ തന്നെ പുതു ഏടാണ് ഈ കേസിന്റെ വിചാരണയും ശിക്ഷാ വിധിയുമെല്ലാം.