കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലം എന്തുകൊണ്ട് വധശിക്ഷയ്ക്ക് അർഹനാകുന്നു? ഇതിന് ഉത്തരമാണ് വധശിക്ഷതന്നെ അർഹിക്കുന്നുവെന്ന് അസ്ഫാഖിന്റെ പരിഭാഷകയായി കോടതി നിയോഗിച്ച അഭിഭാഷകയായ ബിനി എലിസബത്തിന്റെ വാക്കുകൾ. കേസിനെ ഗൗരവത്തിൽ കാണുകയോ, ചെയ്തത് തെറ്റായിപ്പോയെന്ന ഖേദം ഉള്ളതായി പ്രതിക്ക് തോന്നുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷക പ്രതികരിച്ചു.

പ്രതി ഇതുവരെ മലയാളത്തിൽ ഒരുവാക്കുപോലും തന്നോടോ കോടതിയിലോ സംസാരിച്ചിട്ടില്ലെന്നും ബിനി വ്യക്തമാക്കി. ഹിന്ദിയിലായിരുന്നു ആശയവിനിമയം. മലയാളം അൽപം അറിയാമെന്ന കാര്യം പൊലീസുകാർ പറഞ്ഞിരുന്നു. ചില കാര്യങ്ങളൊക്കെ പ്രതിക്ക് മനസ്സിലായിരുന്നു. പ്രതിക്ക് വധശിക്ഷ ലഭിക്കണമെന്നാണ് അഭിപ്രായം. അത്രത്തോളം ക്രൂരമായ കൃത്യമാണ് പ്രതി ചെയ്തത്. മനഃസാക്ഷിയുള്ളവർക്ക് സഹിക്കാനാവാത്ത ക്രൂരതയാണ് അസ്ഫാഖ് നടത്തിയതെന്നും ബിനി പറഞ്ഞു.

കോടതിയിൽ പ്രത്യേകിച്ച് പ്രതികരണങ്ങളൊന്നുമില്ലാതെ തലതാഴ്‌ത്തി നിൽക്കും. കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയ ദിവസം അൽപം അസ്വസ്ഥനായിരുന്നു. പേടിച്ച പോലെയുണ്ടായിരുന്നു. കേസിൽനിന്ന് വെറുതെവിടുമെന്ന വിചാരമായിരിക്കാം അത്രയും നാൾ ഉണ്ടായിരുന്നത്. അന്നത്തെ പെരുമാറ്റത്തിൽനിന്ന് അതാണ് മനസ്സിലായതെന്നും ബിനി വ്യക്തമാക്കി.

വളരെ വിഷമത്തോടെയാണ് നിയോഗിച്ച ജോലി ഏറ്റെടുത്തത്. പരിഭാഷകയായി ചെയ്ത ജോലികളിൽ ഇത്രയും സങ്കീർണമായ വേറെ കേസുണ്ടായിട്ടില്ല. തുടക്കം മുതൽ ഇതെങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയുണ്ടായിരുന്നു. തർജമ ചെയ്യുമ്പോഴെല്ലാം വാക്കിടറി. അതേസമയം ചരിത്രമായ ഈ കേസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുള്ളതായും ബിനി പ്രതികരിച്ചു.

പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയിൽ തെളിഞ്ഞിരുന്നു. പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു.

ആലുവയിൽ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത് 2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ്. വൈകീട്ട് 3.30 ന് ആലുവയിൽ ബസ് ഇറങ്ങിയ പ്രതി അസ്ഫാക്ക് ആലം കുട്ടിയുമായി മാർക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു. 3.45 ഓടെ കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി. വൈകിട്ട് 5 മണിയോടെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു.

കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ അധികം വൈകാതെ തന്നെ പിടികൂടി. എന്നൽ ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. രാത്രി മുഴുവൻ കുട്ടിക്കായി കേരളമൊട്ടാകെ തിരച്ചിൽ തുടർന്നു. ജൂലായ് 29, ശനിയാഴ്ച രാവിലെയും കുട്ടിക്കായി അന്വേഷണം നടന്നു.

ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാർക്കറ്റിന് പിറകിൽ കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ജൂലൈ 30 ഞായറാഴ്ച ആലുവയിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.