കൊച്ചി: നവകേരള സദസ്സിന് വേദിയാകുന്ന സ്‌കൂളിന്റെ മതിൽ പൊളിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് സ്‌കൂൾ മതിൽ പൊളിക്കുന്നതെന്നും ആരാണ് നവകേരള സദസ്സിന്റെ ചുമതല വഹിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമർശിച്ചു. സംഭവിച്ചു പോയെന്നായിരുന്നു സർക്കാറിന്റെ മറുപടി. കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനത്തെ നവകേരള സദസ് മാറ്റണം എന്ന ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം.

കൊല്ലം കുന്നത്തൂർ മണ്ഡലത്തിൽ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്‌മക്ഷേത്രംവക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതി മുൻപ് പലയിടത്തും സ്‌കൂൾ മതിലുകൾ പൊളിച്ചതിനെതിരേ വിമർശനം ഉന്നയിച്ചത്. ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിർദേശിച്ചു.

മതിൽ പൊളിക്കുന്നത് പൊതുഖജനാവിൽ നിന്നുള്ള പണമല്ലേയെന്നും ആരാണ് നവകേരള സദസ്സിന്റെ നടത്തിപ്പുകാരെന്നും ഹൈക്കോടതി ചോദിച്ചു. നവകേരള സദസ്സ് നോഡൽ ഓഫീസറും ജില്ലാ കളക്ടറും സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അതേസമയം, സ്‌കൂൾ മതിൽ പൊളിച്ചത് സംഭവിച്ചു പോയെന്നും പുനർനിർമ്മിക്കാമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഹർജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.

ഹിന്ദു ഐക്യവേദി പ്രവർത്തകരാണ് ചക്കുവള്ളി പരബ്രഹ്‌മക്ഷേത്രംവക മൈതാനം നവകേരള സദസ്സിനുവേണ്ടി വിട്ടുകൊടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്‌മക്ഷേത്ര മൈതാനം സർക്കാറിന്റെ നവകേരള സദസ്സ് നടത്താൻ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

ഡിസംബർ 18ന് നവകേരള സദസ്സ് നടത്താൻ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രത്തിന്റെ മൈതാനം വിട്ടു നൽകുന്നത് ചോദ്യം ചെയ്തുകൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവർ നൽകിയ ഹരജിയിലാണ് ഇന്ന് പകർപ്പ് ഹാജരാക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.

ദേവസ്വം ബോർഡ് സ്‌കൂൾ ഗ്രൗണ്ട് എന്നാണ് സർക്കാർ പരസ്യങ്ങളിൽ പറയുന്നതെങ്കിലും ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രത്തോട് ചേർന്നാണ് മൈതാനമെന്നും ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂളും മൈതാനവുമെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ കൂടിയായ ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രവുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് ദേവസ്വം വക മൈതാനം ഉപയോഗിക്കുന്നത് തിരുവിതാംകൂർ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിന്റെയും കോടതി വിധികളുടെയും ലംഘനമാണ്. നവംബറിൽ തുടങ്ങി ജനുവരിയിൽ അവസാനിക്കുന്ന മണ്ഡല ചിറപ്പ് മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഇതിനുപുറമേ പന്ത്രണ്ട് വിളക്ക്, മണ്ഡല വിളക്ക്, കാർത്തിക വിളക്ക്, മകരവിളക്ക് തുടങ്ങിയവയും ഇത്തവണ നടത്തുന്നുണ്ട്. ഡിസംബർ 18ന് വൈകീട്ട് ആറിന് നവകേരള സദസ്സ് നടത്താൻ മൈതാനം വിട്ടുനൽകുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും വിശ്വാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹരജിക്കാർ ആരോപിച്ചിരുന്നു.