ന്യൂഡൽഹി: ഉത്തർപ്രദേശ് ഗ്യാൻവാപി പള്ളിയിൽ നടത്തിയ 'സയന്റിഫിക് സർവേ' റിപ്പോർട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) കോടതിയിൽ സമർപ്പിച്ചു. ആർക്കിയോളജി സർവെ സ്റ്റാൻഡിങ് കൗൺസിൽ അമിത് ശ്രീവാസ്തവയാണ് വരാണസിയിലെ ജില്ലാ കോടതി ജഡ്ജിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. സീൽ ചെയ്ത റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.

ഉത്തർപ്രദേശ് വാരാണസി ജില്ലാ കോടതിയിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മുദ്രവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന സുപ്രീം കോടതി നിർദേശമുള്ളതിനാൽ ആ വിധത്തിലാണ് എഎസ്ഐ രേഖ കൈമാറിയിരിക്കുന്നത്. റിപ്പോർട്ട് പരസ്യപ്പെടുത്തുകയോ കേസിലെ കക്ഷികളുമായി പങ്കുവെക്കുകയോ ചെയ്യുമോയെന്ന കാര്യം വ്യക്തമല്ല. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.

കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്. നൂറിലധികം ദിവസം കൊണ്ടാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പള്ളിയുടെ സർവേ പൂർത്തിയാക്കിയത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിർമ്മിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂർണ സർവേ വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

കഴിഞ്ഞവർഷം മേയിൽ, കോടതി ഉത്തരവിനെത്തുടർന്നുള്ള വിഡിയോ സർവേയിൽ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാർബൺ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർവേ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

സുപ്രീം കോടതി സീൽ ചെയ്ത ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം ഒഴികെ കെട്ടിടസമുച്ചയത്തിന്റെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി കോടതിയാണ് എഎസ്ഐയ്ക്ക് നിർദ്ദേശം നൽകിയത്. 17-ാം നൂറ്റാണ്ടിൽ ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണോ പള്ളി നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യം പരിശോധിക്കാനാണ് എഎസ്ഐയോട് കോടതി ആവശ്യപ്പെട്ടിരുന്നത്.

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗമായ ക്ഷേത്രം മുഗൾ ഭരണാധികാരി ഔറംഗസേബ് തകർത്ത് അവിടെ മുസ്ലിം ആരാധനാലയം നിർമ്മിക്കുകയായിരുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. വാരാണസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചതോടെയാണ് സർവേ നടപടികൾ ആരംഭിച്ചത്.

ഇരുകക്ഷികൾക്കും പരാതിയില്ലാത്ത വിധത്തിൽ വിഷയം പരിഹരിക്കപ്പെടണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ ഗ്യാൻവാപി മോസ്‌ക് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവ് തടയാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിസ്സമ്മതിക്കുകയും ചെയ്തു.

354 കൊല്ലം പഴക്കമുള്ള നിർമ്മിതിയിൽ എഎസ്ഐ നടത്തുന്ന ഉദ്ഖനനങ്ങൾ കെട്ടിടസമുച്ചയത്തിന് ഭീഷണിയാണെന്ന് മോസ്‌ക് മാനേജ്മെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. 2021 ഓഗസ്റ്റിലാണ് ആരാധനാലയത്തിന്റെ അസ്തിത്വം സംബന്ധിച്ചുള്ള തർക്കം ആരംഭിച്ചത്. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ ഭിത്തിക്ക് പിറകിലായി ആരാധനയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുമതവിശ്വാസികളായ ഒരു സംഘം സ്ത്രീകൾ രംഗത്തെത്തിയതോടെയായിരുന്നു അത്.

കോടതിയിൽ വാദം തുടരുന്ന പശ്ചാത്തലത്തിൽ ഗ്യാൻവാപി പള്ളിയിൽ ക്ഷേത്രാരാധന പുനരാരംഭിക്കുന്നതുസംബന്ധിച്ച് 1991 ൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ വിധി പറയുന്നത് കഴിഞ്ഞയാഴ്ച അലഹബാദ് ഹൈക്കോടതി മാറ്റിവെക്കുകയും ചെയ്തു.