- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിപ്പെരിയാർ കേസ്: പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; കേസിലെ പ്രധാനപ്പെട്ട എട്ടു സാക്ഷിമൊഴികൾ കട്ടപ്പനയിലെ കോടതി പരിഗണിച്ചില്ലെന്ന് അപ്പീലിൽ; അർജുന് കോടതി നോട്ടീസ് അയച്ചു
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹൈക്കോടതി ഡിവഷൻ ബെഞ്ചാണ് സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചത്. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്.
കേസിൽ അർജുനിന് നോട്ടീസ് അയച്ച കോടതി ഹർജി ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത്.
സുപ്രധാനമായ വാദങ്ങളാണ് സർക്കാരിന്റ അപ്പീലിൽ സൂചിപ്പിച്ചിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് കേസിലെ പ്രധാനപ്പെട്ട എട്ടു സാക്ഷിമൊഴികൾ കട്ടപ്പനയിലെ കോടതി പരിഗണിച്ചില്ല എന്നതാണ്. പ്രതിക്കെതിരായ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും പറയുന്നു.
വിചാരണ കോടതി ഫൊറൻസിക് റിപ്പോർട്ട് അവഗണിച്ചു. സംഭവസ്ഥലത്തുനിന്നും ലഭിച്ച ബെഡ്ഷീറ്റിൽ പ്രതിയായ അർജുന്റെ തലമുടിയുണ്ടായിരുന്നെങ്കിലും അത് പരിഗണിച്ചില്ലെന്ന് സർക്കാർ വാദിക്കുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന കാലത്ത് നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളി പരിഗണിക്കുന്നതിൽ കോടതിക്ക് വീഴ്ച പറ്റിയെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.
2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിലും വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.
പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വന്നത്.
വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റിയെന്നായിരുന്നു കോടതി പറഞ്ഞത്. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണു പരാമർശമുള്ളത്. തെളിവ് ശേഖരിച്ചതിൽ വീഴ്ചയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്നും കോടതി പറഞ്ഞു.
വിരലടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടെന്നും കോടതി വിധിപകർപ്പിൽ പറഞ്ഞിരുന്നു.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിലെ പ്രതിയെ പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാതെ പോയതിനാൽ വെറുതെ വിടുകയായിരുന്നു. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല.
പ്രോസിക്യൂഷന്റെ പത്തുപാളിച്ചകളാണ് വണ്ടിപ്പെരിയാർ കൊലപാതകക്കേസിന്റെ നട്ടെല്ലൊടിച്ചതെന്നാണ് വിധിന്യായത്തിലുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ അലംഭാവവും ശാസ്ത്രീയ തെളിവുശേഖരണത്തിലെ പരാജയവും കേസിലുടനീളം പ്രകടമായി. തെളിവുശേഖരണത്തിലും കുറ്റകരമായ നിശബ്ദത പലഘട്ടങ്ങളിലും പ്രകടമാണെന്നും ഉത്തരവിലുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ