ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെ മന്ത്രിസഭയിൽ നിന്നും മന്ത്രിമാരെ പുറത്തതാക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം.

ഇ.ഡി അറസ്റ്റിന് പിന്നാലെ ഗവർണർ ആർ.എൻ. രവി തമിഴ്‌നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയും പിന്നാലെ ആ ഉത്തരവ് പിൻവലിച്ചുകൊണ്ട് അറിയിപ്പ് ഇറക്കകയും ചെയ്തിരുന്നു.

മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന കത്ത് പിൻവലിച്ച ഗവർണറുടെ ഈ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആദ്യ തീരുമാനം പിൻവലിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ദേശീയ മക്കൾ ശക്തി കച്ചിയുടെ പ്രസിഡന്റ് എം.എൽ രവി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. രവിയുടെ ഹർജി നേരത്തെ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു.

നിലവിൽ വകുപ്പില്ലാത്ത മന്ത്രിയാണ് സെന്തിൽ ബാലാജി. സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റു ചെയ്ത മന്ത്രിയെ നീക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നതിൽ അപാകതയില്ലെന്നും കോടതി പറഞ്ഞു.

നേരത്തെ നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്നതിലും തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിക്ക് എതിരെ സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. 2020 മുതൽ ബില്ലുകൾ ഒപ്പിടാതെ വെച്ചിരിക്കുകയാണെന്നും എന്താണ് ഗവർണർ ഈ മൂന്നുവർഷവും ചെയ്തതെന്നും കോടതി ചോദിച്ചു. ഗവർണർക്കെതിരേ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.

കഴിഞ്ഞ മൂന്നുവർഷമായി പരിഗണനയിൽ ഇരുന്ന ബില്ലുകളാണ ഗവർണർ തിരിച്ചയച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. കോടതിയുടെ ഇടപെടലിന് ശേഷമാണ് ഇത്തരത്തിലൊരു നടപടി തമിഴ്‌നാട് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

എന്നാൽ, ഗവർണർ എന്ന പദവിയിലിരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം, നിയമസഭ പാസാക്കുന്ന എല്ലാ ബില്ലുകളും സാങ്കേതികാർഥത്തിൽ ഒപ്പുവെക്കാനുള്ള കടമയല്ല ഉള്ളതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കോടതിയിൽ വാദം ഉന്നയിച്ചു. എല്ലാ വശങ്ങളും നോക്കിയ ശേഷമേ അദ്ദേഹത്തിന് ബില്ലിൽ ഒപ്പിടാൻ സാധിക്കൂവെന്നും അറ്റോർണി ജനറൽ പറഞ്ഞു.