ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജികൾ നിലനിൽക്കുന്നതാണെന്ന് സുപ്രീം കോടതി വിശദീകരിച്ചു. കേസിൽ പ്രതികളെ വിട്ടയയ്ക്കണമെന്ന തീരുമാനം എടുക്കാനുള്ള അവകാശം വിചാരണ നടന്ന സ്ഥലത്തെ മഹാരാഷ്ട്ര സർക്കാരിനാണ് എന്നാണ് സുപ്രീം കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണ്. ഗുജറാത്ത് സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ അവകാശമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ ശിക്ഷയിളവ് നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തിൽ പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

തടവ് പുള്ളികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തിൽ കേസിലെ 11 കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവം. ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലി, ടി.എം.സി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവരും സമർപ്പിച്ച വിവിധ ഹർജികളിലാണ് കോടതി തീരുമാനം. 11 ദിവസം വാദം കേട്ടതിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബർ 12-നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമാൻ സുപ്രീം കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാൽസംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സായിരുന്നു പ്രായം. അഞ്ചുമാസം ഗർഭിണിയായിരുന്നു. ബലാൽസംഗത്തിന് ഇരയായപ്പോൾ കുടുംബവുമായി രക്ഷപെടാൻ നോക്കി. എന്നാൽ, അവരുടെ മൂന്ന് വയസുള്ള കുട്ടി ഉൾപ്പടെ ഏഴ് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. കേസിന്റെ വിചാരണ ഗുജറാത്തിൽ നിന്ന് മുബൈയിലേക്ക് മാറ്റിയിരുന്നു. 2008-ൽ സിബിഐ അന്വേഷിച്ച കേസിൽ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017-ൽ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ഓഗസ്റ്റ് 15-നാണ് മോചിപ്പിച്ചത്.

ശിക്ഷാ ഇളവ് ചെയ്യുന്നതിനെപ്പറ്റി തന്നെ അറിയിച്ചിരുന്നില്ലെന്നും കുറ്റവാളികൾ ഒരു ഇളവും അർഹിക്കുന്നില്ലെന്നും ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. കേസ് മുബൈയിലേക്ക് മാറ്റിയിരുന്നതിനാൽ സിആർപിസി 432 അനുസരിച്ച് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ മുബൈ കോടതിയിലെ ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു. സിബിഐ അന്വേഷിച്ച കേസായതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതി തേടണമായിരുന്നു. എന്നാൽ, വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രയം തേടിയിരുന്നില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് ഫലത്തിൽ സുപ്രീംകോടതി അംഗീകരിച്ചു.

1992 നയം അനുസരിച്ച് ഗുജറാത്ത് സർക്കാർ തെറ്റായിട്ടാണ് 11 പേരെയും വിട്ടയച്ചതെന്ന് ഹർജിക്കാർ വാദിച്ചു. ഈ നിയമം പിന്നീട് സർക്കാർ മാറ്റിയിരുന്നു. കൂട്ടബലാൽസംഗ ക്കേസിലെ പ്രതികളെ ഇളവുകൾ നിന്ന് ഒഴിവാക്കിയിരുന്നെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.