ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹിലെ സർവെ സ്റ്റേ ചെയ്തു സുപ്രീംകോടതി. പള്ളിയിൽ സർവേ നടത്താൻ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

മസ്ജിദിൽ സർവ്വേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. അഡ്വക്കേറ്റ് കമ്മീഷന്റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. ഷാഹി ഈദ്ഗാഹ് പരിസരത്ത് കോടതിയുടെ മേൽനോട്ടത്തിൽ സർവേ നടത്താനായിരുന്നു അലഹാബാദ് ഹൈക്കോടതി അനുമതി നൽകിയത്. ഇതിന് മേൽനോട്ടം വഹിക്കാൻ ഒരു അഭിഭാഷക കമ്മിഷനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. മൂന്ന് അഭിഭാഷകരെയായായിരുന്നു നിയോഗിച്ചത്.

പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാർഥ സ്ഥാനമറിയാൻ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം കോടതിയെ സമീപിച്ചത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേർന്നുള്ള ഗ്യാൻവാപിപള്ളി സമുച്ചയത്തിൽ നടത്തിയ സർവേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേർന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ്. 13.37 ഏക്കർ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്ദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ഔറംഗസേബ് 1669-70 കാലത്ത് ഷാഹി ഈദ്ഗാഹ് പണിതതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം. 'ഹിന്ദു ക്ഷേത്രങ്ങളുടെ സവിശേഷതയായ താമരയുടെ ആകൃതിയിലുള്ള സ്തംഭം മസ്ജിദ് പരിസരത്തുണ്ട്. സർപ്പരാജാവായ ശേഷനാഗത്തിന്റെ രൂപവും അവിടെയുണ്ട്. തൂണിന്റെ ചുവട്ടിൽ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാം' - ഹർജിയിൽ അവകാശപ്പെടുന്നു. പള്ളിസമുച്ചയം അവിടെനിന്ന് മാറ്റി ആരാധനയ്ക്ക് അവസരം നൽകണമെന്നതാണ് അവരുടെ ആവശ്യം.

എന്നാൽ, 1991-ലെ ആരാധനാലയസംരക്ഷണനിയമം ചൂണ്ടിക്കാട്ടി ഹർജി തള്ളാൻ മുസ്‌ലിംപക്ഷം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 1947 ഓഗസ്റ്റ് 15-ന് ഉണ്ടായിരുന്നതുപോലെ ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ പദവിയും തത്സ്ഥിതിയും നിലനിർത്തണമെന്നാണ് ഈ നിയമം പറയുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നും ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അവകാശപ്പെട്ടാണ് ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പള്ളിക്കമ്മിറ്റി കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ എത്തുകയായിരുന്നു.

നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം, പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്.

എന്നാൽ ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാൽപര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകിയിരുന്നു.