- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തുനായ അയൽവാസികളെ അക്രമിച്ചു; ഉടമയ്ക്ക് തടവുശിക്ഷ
അഹമ്മദാബാദ്: വളർത്തുനായ അയൽവാസികളെ അക്രമിച്ച് പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഉടമയ്ക്ക് ശിക്ഷ വിധിച്ച് അഹമ്മദാബാദ് സെഷൻ കോടതി. 54 കാരനായ ഭദ്രേഷ് പാണ്ഡ്യക്കാണ് കോടതി ഒരു വർഷത്തെ ജയിൽശിക്ഷ വിധിച്ചത്. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് നിർണായക വിധി. നായയുടെ അക്രമത്തിനിരയായ നാലുപേർക്കും നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസ് അഥോറിറ്റിയോട് കോടതി നിർദേശിച്ചു.
2014 നായിരുന്നു സംഭവം നടന്നത്. അവിനാശ് പട്ടേൽ, മകൻ ജയ്, സഹോദരിയുടെ മകനായ തക്ശിൽ, വ്യോം എന്നുപേരുള്ള മറ്റൊരു കുട്ടി എന്നിവരെയാണ് പാണ്ഡ്യയുടെ ഡോബർമാൻ ഇനത്തിൽപ്പെട്ട നായ ആക്രമിച്ചത്.പട്ടേൽ നൽകിയ പരാതിയിൽ ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.നായയെ പാണ്ഡ്യ കെട്ടിയിടാതിരുന്നതിനാലാണ് തങ്ങൾക്ക് കടിയേറ്റതെന്നാണ് പട്ടേൽ പരാതിയിൽ ആരോപിക്കുന്നത്.
ആദ്യം മെട്രോപൊളിറ്റൻ കോടതി പരിഗണിച്ച കേസിൽ 2020 ജനുവരിയിൽ പാണ്ഡ്യ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇയാൾക്ക് സെക്ഷൻ 338 പ്രകാരം ഒരു വർഷത്തെ തടവും ഐപിസി സെക്ഷൻ 289, 337 പ്രകാരം മൂന്നുമാസത്തെ തടവും ശിക്ഷ വിധിച്ചിരുന്നു. മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും നായ ഭിഷണിയാണെന്ന് നിരീക്ഷിച്ച കോടതി 1,500 രൂപ പിഴയും ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
എന്നാൽ ആ വിധിക്കെതിരെ പാണ്ഡ്യ സെഷൻ കോടതിയെ സമീപിച്ചു. ഹർജിയിൽ വിചാരണ പൂർത്തിയായെങ്കിലും വിധി പറയാൻ വൈകിയതോടെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ നിശ്ചിത സമയത്തിനുള്ളിൽ വിധി പുറപ്പെടുവിക്കാൻ സെഷൻ കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.
വെള്ളിയാഴ്ച കീഴ്കോടതിയുടെ വിധിയും തടവും ശരിവെച്ച അഡീഷണൽ സെഷൻ ജഡ്ജി എ.ജെ കാനനി, പാണ്ഡ്യയോട് 30 ദിവസത്തിനകം കോടതിയിൽ ഹാജരാകാനും ഉത്തരവിട്ടിട്ടുണ്ട്. 2012-13 മുതൽ ഈ നായ സമൂഹത്തിൽ ഭയം സൃഷ്ടിച്ചിരുന്നുവെന്ന പരാതികാരന്റെ ആരോപണവും കോടതി ശരിവെച്ചു.