- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ കേസിൽ ഇ.ഡി. അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂരിലെ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ അന്വേഷണം അനിശ്ചിതമായി നീളരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി. കരവന്നൂരിലെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും സഹകരണസംഘങ്ങൾ കോടീശ്വരന്മമാർക്കുള്ളതല്ല, സാധാരണക്കാർക്കുള്ളതാണെന്നും കോടതി വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം എവിടെവരെയായെന്ന് ഇ.ഡി.യോട് കോടതി ആരാഞ്ഞു. അന്വേഷണം തുടരുന്നുവെന്നാണ് ഇ.ഡി. ഇതിന് മറുപടി നൽകിയത്. ഇതോടെയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി നിർദേശിച്ചത്. പാവപ്പെട്ട ജനങ്ങൾ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുന്നത്. എന്നാൽ, ഇന്ന് ഈ പണം നഷ്ടമാകുന്ന സ്ഥിതിയുണ്ട്. ഇതിലൂടെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
അതേസമയം, കോടതി ഉയർത്തിയ വിവിധ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയമാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. എന്തൊക്കെ കാര്യങ്ങൾ ഇനി അന്വേഷിക്കാനുണ്ട്, ആരെയൊക്കെ വിളിച്ചുവരുത്താനുണ്ട് എന്നീ കാര്യങ്ങളടക്കം കോടതിയെ ഇ.ഡി. അറിയിക്കും. നിലവിൽ 54ഓളം പേരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇ.ഡി. കോടതിയിൽ ആദ്യഘട്ട കുറ്റപത്രം നൽകിയിരിക്കുന്നത്. ഇതിൽ നാലുപേരെ അറസ്റ്റുചെയ്തു. ഇപ്പോൾ നടക്കുന്ന രണ്ടംഘട്ട അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽപേരെ ചോദ്യംചെയ്യാനുണ്ട്. നേരത്തെ പലർക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി. നോട്ടീസും നൽകിയിരുന്നു.
സഹകരണ സംഘങ്ങൾ സാധാരണക്കാരുടെ ആവശ്യങ്ങൾക്കുള്ളതാണ്. അല്ലാതെ കോടീശ്വരന്മാർക്കുള്ളതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കണമെന്നും കോടതി നിർദ്ദേശം നൽകി. തന്റെ സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും ചോദ്യം ചെയ്ത് കേസിലെ പ്രതിയായ അലി സാബ്‌റി നൽകി ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇഡി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടതിനാൽ ഹർജി അടുത്ത മാസം 16ലേക്ക് മാറ്റി.
കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്നും അത് സംവിധാനത്തെതന്നെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. "കേസിൽ ഇഡി അന്വേഷണം മൂന്നുവർഷമായി നടക്കുകയാണ്. അന്വേഷണം ഇങ്ങനെ നീളുന്നത് എന്തുകൊണ്ടാണ്. തങ്ങൾ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാതെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. 15 സെന്റ് ഭൂമി ഈട് വച്ചിട്ട് 7 കോടി രൂപയൊക്കെയാണു വായ്പ നൽകിയിരിക്കുന്നത്. ഇതുകൊണ്ടാണു ജനങ്ങൾക്കു പണം നഷ്ടമാകുന്നത്. കരുവന്നൂർ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്" കോടതി പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ മൊഴി ലഭിച്ചിട്ടെന്നുണ്ടെന്നു നേരത്തെ ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബാങ്കിൽനിന്ന് നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ അന്ന് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജീവ്, മുൻ തൃശൂർ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, പാലോളി മുഹമ്മദ് കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സമ്മർദമുണ്ടായെന്നു ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ.സുനിൽ കുമാർ മൊഴി നൽകിയെന്നാണ് ഇഡി അറിയിച്ചത്. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെന്നും വൻതോതിലുള്ള കള്ളപ്പണം വെളിപ്പിക്കലാണു നടന്നിരിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.