കൊച്ചി: തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായി ഇടതുസംഘടനാ നേതാവ് സി.എൻ.രാമനെ നിയമിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെയാണ് നിയമനം നടത്തിയതെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. സി.എൻ.രാമന് മതിയായ യോഗ്യത ഇല്ലെന്ന് കോടതി വിലയിരുത്തി. വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്ന് കോടതി നിർദേശിച്ചു.

ഡിസംബർ14നാണ് സി.എൻ. രാമൻ തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്. ഇതിനു പിന്നാലെ ദേവസ്വം കമ്മിഷണർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതിയിൽ എത്തിയിരുന്നു. ജനുവരി 31നാണ് സി.എൻ. രാമൻ വിരമിക്കുന്നത്. അതേദിവസം തന്നെയാണ് നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടതും.

ഇത്തരത്തിലുള്ള പോസ്റ്റുകളിലേക്കു നിയമിക്കുമ്പോൾ ഹൈക്കോടതിയോട് ആലോചിക്കണമെന്ന് നേരത്തേതന്നെ നിർദ്ദേശം നൽകിയിരുന്നു. ശബരിമല തീർത്ഥാടനകാലത്ത് ദിവസവും ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട കേസുകൾ നിരന്തരം കേട്ടിരുന്നതായും കോടതി അറിയിച്ചു. ഇതിനിടയിലാണ് ചട്ടം ലംഘിച്ചുള്ള നിയമനം നടത്തിയത്. തിരുവിതാംകൂർ എംപ്ലോയി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു സി.എൻ. രാമൻ.