- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർബാഗ് പ്രവർത്തിച്ചില്ല, കാറിന്റെ മുഴുവൻ വില തിരികെ നൽകാൻ ഉത്തരവ്
മലപ്പുറം: വാഹനാപകടത്തിൽ എയർ ബാഗ് പ്രവർത്തിക്കാതിരുന്നതിനാൽ യാത്രക്കാർക്ക് ഗുരുതരമായ പരുക്ക് പറ്റാൻ ഇടയാക്കിയ സാഹചര്യത്തിൽ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഇന്ത്യനൂർ സ്വദേശി മുഹമ്മദ് മുസ്ല്യാർ നൽകിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂൺ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരിൽ വെച്ച് അപകടത്തിൽപ്പെട്ടു. വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരുക്കേറ്റിരുന്നു.
കാറിന്റെ എയർ ബാഗ് പ്രവർത്തിക്കാത്തതിനാലാണ് ഗുരുതരമായ പരുക്ക് പറ്റാൻ കാരണമെന്നും എയർബാഗ് പ്രവർത്തിക്കാത്തത് വാഹന നിർമ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. അപകട സമയത്ത് എയർ ബാഗ് പ്രവർത്തിച്ചിരുന്നില്ലെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തു. എയർ ബാഗ് പ്രവർത്തിക്കാൻ മാത്രം ആഘാതമുള്ളതായിരുന്നു അപകടമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഇതേ തുടർന്നാണ് വാഹനത്തിന് നിർമ്മാണ പിഴവുണ്ടായിരുന്നുവെന്ന് കണ്ട് ഉപഭോക്ത്യ കമ്മീഷൻ വിധി പുറപ്പെടുവിച്ചത്.
വാഹനത്തിന്റെ വിലയായ 4,35,854 രൂപ തിരിച്ചു നൽകുന്നതിനും കോടതി ചെലവായി 20,000 രൂപ നൽകുന്നതിനും കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം ഒമ്പത് ശതമാനം പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.