- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരാവകാശ കമ്മിഷൻ ഉത്തരവ് ലംഘിച്ചു; എൻജിനീയർക്ക് സ്ഥലം മാറ്റവും പിഴയും
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിക്കുകയും റിപ്പോർട്ട് സമർപ്പിക്കാതിരിക്കുകയും ചെയ്ത വാട്ടർ അഥോറിറ്റി എൻജിനീയർക്ക് ആറ്റിങ്ങലിൽ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25,000 രൂപ പിഴയും. ആറ്റിങ്ങൽ സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.ബൈജുവിനെതിരെ നടപടി. പിഴ സംഖ്യ ഈ മാസം 28നകം അടച്ച് 29ന് ചെലാൻ കമ്മിഷനിൽ സമർപ്പിക്കണം. പിഴത്തുക ഒടുക്കാൻ വൈകിയാൽ വകുപ്പു മേധാവി ശമ്പളത്തിൽ നിന്ന് പിടിച്ച് അടയ്ക്കണം. അല്ലെങ്കിൽ റവന്യൂ റിക്കവറിയും ഉണ്ടാവും.
വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റപത്രവും നൽകിയെന്ന് അധികൃതർ അറിയിച്ചു. ബൈജുവിനെതിരെ കേരള സിവിൽ സർവ്വീസ് ചട്ടം16 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി വിശദീകരണം തേടി 15 ദിവസത്തെ നോട്ടീസും നൽകിയിട്ടുണ്ട്. വകുപ്പുതല വിജിലൻസ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിമിന്റെ ഉത്തരവിനെ തുടർന്ന് വാട്ടർ അഥോറിറ്റി മാനേജിങ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആണ് നടപടിയെടുത്തത്.
കുടിവെള്ള വിതരണത്തിന്റെ പൈപ്പ് നന്നാക്കാൻ റോഡ് വെട്ടിക്കുഴിച്ചതുമായി ബന്ധപ്പെട്ട് വർക്കല മരുതിക്കുന്ന് പാറവിളയിൽ ലാലമ്മ 2023 ജനുവരിയിൽ സമർപ്പിച്ച പരാതി അവഗണിച്ചതിനാണ് ശിക്ഷ. തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലാണ് 10 രൂപ ഫീസടച്ച് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. ഈ ജോലി നിർവ്വഹിച്ചത് വർക്കല ജലവിതരണ ഓഫീസായതിനാൽ പഞ്ചായത്തിൽ നിന്ന് അപേക്ഷ അവിടേക്ക് നൽകി. ഇങ്ങനെ ലഭിക്കുന്ന അപേക്ഷക്ക് എത്രയും വേഗം മറുപടി നൽകണമെന്നാണ് ആർടിഐ ചട്ടം. എന്നാൽ അവിടെ വിവരാവകാശ ഓഫീസറായിരുന്ന എസ്. ബൈജു അപേക്ഷ സ്വീകരിക്കാതെ മടക്കി. തന്റെ ഓഫീസിൽ വേറെ ഫീസടച്ച് അപേക്ഷിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
ഇതു ചോദ്യംചെയ്ത് ലാലമ്മ സമർപ്പിച്ച പരാതി ഹർജിയിൽ, വീണ്ടും അപേക്ഷാ ഫീസ് വാങ്ങരുതെന്നും പകർപ്പുകൾക്ക് ചെലവുതുക വാങ്ങി വിവരം നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചെങ്കിലും ബൈജു ഉത്തരവ് നടപ്പാക്കിയില്ല. ഹിയറിംഗിന് വിളിച്ചിട്ടും ഹായരായില്ല. തുടർന്ന് ബൈജുവിനെ സമൻസയച്ച് വരുത്തിയാണ് വിസ്തരിച്ചത്.
നിയമം 6 (3) പ്രകാരം മറ്റൊരു ഓഫീസർ ലഭ്യമാക്കിയ അപേക്ഷ നിരസിച്ചു, നാവായിക്കുളം പഞ്ചായത്തിന്റെ ആവർത്തിച്ചുള്ള അറിയിപ്പ് അവഗണിച്ചു, ഹർജിക്കാരി നേരിൽ ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല, വിവരാവകാശ കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചില്ല, കമ്മിഷൻ നൽകിയ നിർദേശത്തോട് പ്രതികരിച്ചില്ല, അപേക്ഷ സ്വീകരിക്കാനും വിവരം നല്കാനുമുള്ള കമ്മിഷന്റെ നിർദ്ദേശത്തെ ചോദ്യം ചെയ്തു, തെളിവെടുപ്പിന് ഹാജരായില്ല തുടങ്ങിയ കുറ്റങ്ങളാണ് ബൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്.
ഹർജിക്കാരിയെയും നാവായിക്കുളം പഞ്ചായത്ത്, വർക്കല ജലവിതരണ ഓഫീസ് എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഓഫീസർമാരെയും മേലധികാരികളെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് കമ്മിഷണർ എ.അബ്ദുൽ ഹക്കീം ഉത്തരവായത്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് വിവരാവകാശ നിയമം 20(1) പ്രകാരം ഫൈനും 20(2) പ്രകാരം അച്ചടക്ക നടപടിയും സ്ഥലം മാറ്റവും ഒരുപോലെ നടപ്പിൽ വരുത്തി ശിക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.