- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിംഹത്തിന് സീത എന്നു പേരിട്ടാൽ എന്താണു ബുദ്ധിമുട്ട്? ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേ? ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോ?' വിഎച്ച്പിയോട് ചോദ്യശരങ്ങളുമായി കൽക്കട്ട ഹൈക്കോടതി; സർക്കാരിൽനിന്ന് റിപ്പോർട്ട് തേടി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തിൽ വിഎച്ച്എപിയോട് ചോദ്യശരങ്ങൾ ഉന്നയിച്ച് കൽക്കട്ട ഹൈക്കോടതി. സിംഹത്തിന് സീത എന്നു പേരിട്ടാൽ എന്താണു ബുദ്ധിമുട്ടെന്ന് കോടതി ചോദിച്ചു. ഹിന്ദു മതത്തിൽ മൃഗങ്ങളും ദൈവങ്ങൾ അല്ലേയെന്നും ജൽപായ്ഗുഡിയിലെ കൽക്കട്ട ഹൈക്കോടതിയുടെ സർക്കീറ്റ് ബെഞ്ച് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു. 'അക്‌ബർ' എന്ന ആൺ സിംഹത്തെയും 'സീത' എന്ന പെൺസിംഹത്തെയും മൃഗശാലയിൽ ഒന്നിച്ചു പാർപ്പിക്കുന്നതിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. വിഎച്ച്പി നൽകിയ ഹർജിയിൽ സർക്കാരിൽനിന്ന് കൽക്കട്ട ഹൈക്കോടതി റിപ്പോർട്ട് തേടി.
ഹർജിക്കാർ ഉന്നയിക്കുന്ന പേര് പെൺ സിംഹത്തിന് നൽകിയിട്ടുണ്ടോയെന്ന് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഹർജി പരിഗണിച്ചപ്പോൾ പെൺ സിംഹത്തിന് സീത ദേവിയുടെ പേര് നൽകിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ട് എന്ന് കൽക്കട്ട ഹൈക്കോടതി ജൽപൈഗുരി സർക്യൂട്ട് ബെഞ്ച് ജഡ്ജ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു.
ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേ എന്നും ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോയെന്നും ജഡ്ജി ചോദിച്ചു. ഇതിൽ എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെട്ടതെന്നും വിഷയത്തിൽ റിട്ട് ഹർജി എന്തിനാണ് നൽകിയതെന്നും കോടതി ചോദിച്ചു. ഹർജിക്കാർ പറയുന്ന പേര് നൽകിയിട്ടില്ലെങ്കിൽ വാദം തുടരില്ലെന്നും പേര് നൽകിയിട്ടുണ്ടെങ്കിൽ ആക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
പേര് നൽകിയിട്ടില്ലെന്നും ഹർജി തള്ളണമെന്ന് ബംഗാൾ സർക്കാർ കോടതിയിൽ വാദിച്ചു. തുടർന്ന് ഹർജിക്കാർ ഉന്നയിക്കുന്ന പേര് നൽകിയിട്ടുണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിച്ചു. പേര് നൽകിയിട്ടില്ലെങ്കിൽ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി നാളെ വീണ്ടും പരിഗണിക്കും.
പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ അക്‌ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന വിഎച്ച് പിയുടെ ഹർജി വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി വിഎച്ച്പി അഭിഭാഷകൻ ശുഭാങ്കർ ദത്ത രംഗത്തെത്തിയിരുന്നു. സീത എന്ന പേര് മാറ്റി പുതിയ പേരിടണമെന്ന് കോടതിയിൽ പുതിയ അപേക്ഷ നൽകുമെന്നാണ് അഭിഭാഷകൻ ശുഭാങ്കർ ദത്ത വ്യക്തമാക്കിയത്. നേരത്തെ നൽകിയ പ്രധാന ഹർജിയും പുതിയ അപേക്ഷയും പരിഗണിച്ചുകൊണ്ടാണ് ഇക്കാര്യത്തിൽ പേര് നൽകിയിട്ടുണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.
ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്‌ബറിനെ സീതയ്ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നാണ് വിഎച്ച്പിയുടെ വാദം. പെൺ സിംഹത്തിന്റെ പേരു മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാന വനംവകുപ്പും ബംഗാൾ സഫാരി പാർക്ക് ഡയറക്ടറുമാണ് എതിർകക്ഷികൾ.
ഈ മാസം 13 ന് ആണ് ഇണചേർക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നു സിംഹങ്ങളെ ബംഗാളിൽ എത്തിച്ചത്. അക്‌ബറിന് 7 വയസ്സും സീതയ്ക്ക് 5 വയസ്സുമാണു പ്രായം. ഇതേസമയം, സിംഹങ്ങൾക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു ഹർജിയിലെ വാദം. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് കോടതിയിൽ എത്തിയതെന്നും കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകൻ ശുഭാങ്കർ ദത്ത നേരത്തെ പ്രതികരിച്ചിരുന്നു. ഫെബ്രുവരി 16നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. അക്‌ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകമാണ് ഹർജി നൽകിയത്.
അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. പാർക്കിലെ മൃഗങ്ങളെ പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദീകരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ