- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി നഴ്സിന്റെ നിയമ പോരാട്ടത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹിതയാണെന്നതും കുടുംബ ഉത്തരവാദിത്തങ്ങളുണ്ടെന്നതും ചൂണ്ടിക്കാട്ടി സ്ത്രീയെ ജോലിയിൽ നിന്നു പിരിച്ചുവിടുന്നതു ഭരണഘടനാവിരുദ്ധമെന്നു വിധിച്ച് സുപ്രീം കോടതി. 36 വർഷം മുൻപ് കരസേനയിലെ മിലിറ്ററി നഴ്സിങ് സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് സെലിന ജോൺ നടത്തിയ നിയമ പോരാട്ടത്തിലാണ് സുപ്രീംകോടതി സുപ്രധാനവിധി പുറപ്പെടുവിച്ചത്. സെലീനയെ ജോലിയിൽ നിന്നും പിരിച്ചുവിച്ച കരസേന അവർക്ക് നഷ്ടപരിഹാരമായി 60 ലക്ഷം രൂപ എട്ട് ആഴ്ചയ്ക്കുള്ളിൽ നൽകാനും കോടതി നിർദേശിച്ചു.
1982 ലാണ് സെലിന ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ട്രെയിനായി ജോലിയിൽ പ്രവേശിച്ചത്. 1985 ൽ ലഫ്റ്റനന്റ് റാങ്കിൽ സെക്കന്ദരാബാദിലായിരുന്നു ആദ്യ നിയമനം. 1988 ൽ ലക്നൗവിൽ ജോലി ചെയ്യവെ വിവാഹിതയാവുകയും ചെയ്തു. വിവാഹിതയായതിനു പിന്നാലെ കരസേന ജോലിയിൽ നിന്നും ഒഴിവാക്കുക ആയിരുന്നു. ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന സെലിന ഇതോടെ കേസുമായി മുന്നോട്ട് പോയി. കേസ് തുടരുന്നതിനിടെ, സെലിനയെ പിരിച്ചുവിടാൻ കാരണമായ സേവന വ്യവസ്ഥ കരസേന 1995 ൽ റദ്ദാക്കുകയും ചെയ്തു.
ഇതിനിടെ, സെലിനയെ ജോലിയിൽ തിരിച്ചെടുക്കാൻ ആംഡ് ഫോഴ്സസ് ട്രിബ്യൂണലിന്റെ ലക്നൗ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും സേന ഇത് പരിഗണിച്ചില്ല. ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സെലിന ഇടക്കാലത്തു സ്വകാര്യ സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്തിരുന്നതായി അവരുടെ അഭിഭാഷകരായ അജിത് കാക്കർ കോടതിയിൽ ചൂണ്ടിക്കാട്ടി. സേനയുടെ നടപടി തെറ്റായിരുന്നുവെന്നു കോടതി വ്യക്തമാക്കി. ഇതംഗീകരിക്കുന്നതു മനുഷ്യന്റെ അന്തസ്സിനും അവകാശത്തിനും എതിരാണെന്നു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവർ ചൂണ്ടിക്കാട്ടി.