- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാൾ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവാവിന്റെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: നേപ്പാൾ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ മലയാളി യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നാഗാലാൻഡിൽ താമസക്കാരിയുമായ യുവതിയെ ഖത്തറിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി.
എടത്തുരുത്തി പുളിഞ്ചോട് അബ്ദുൾ ഹക്കീം എന്നയാളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. യുവതിയെ ലൈംഗിക പീഡനം നടത്തുകയും ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും വിവാഹാവശ്യം ഉന്നയിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. പ്രതിയുടെ ജാമ്യാപേക്ഷ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.പി. സെയ്തലവി തള്ളിയത്.
2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന പ്രതി അവിടെ തന്നെ ജോലി ചെയ്യുന്ന യുവതിയുമായി പരിചയപ്പെടുകയും തുടർന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി, ഇയാളുടെ മുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഗർഭിണിയായ യുവതിയെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിക്കുകയും അതിനു ശേഷം വിവാഹാവശ്യം ഉന്നയിച്ച യുവതിയെ കാര്യങ്ങൾ സംസാരിക്കാമെന്നു പറഞ്ഞ് സുഹൃത്ത് മുഖേനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി വിവാഹം ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞു. ഇതിനിടെ യുവതിയുടെ അഭിമാനം ചോദ്യം ചെയ്യുന്ന രീതിയിൽ പെരുമാറുകയുമായിരുന്നെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് യുവതി അഭിഭാഷകയുടെ സഹായത്തോടെ കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അത് അറിഞ്ഞ പ്രതി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. യുവതി പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്ന് അവകാശപ്പെടുന്നതിനാൽ അതു സംബന്ധിച്ച കൂടുതൽ രേഖകൾ ശേഖരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
കേസന്വേഷണം പൂർത്തിയായിട്ടില്ലെന്നും അതിജീവിതയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനാലാണ് അതിജീവിത ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയത്. അപ്രകാരമുള്ള സമ്മതം പരിഗണിക്കാൻ കഴിയില്ലെന്ന പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാറിന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.