- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് ഹാജരാക്കി പ്രോസിക്യൂഷൻ
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി എ.അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് കോടതിയിൽ ഹാജരാക്കി പ്രോസിക്യൂഷൻ. ഇന്നു വിചാരണക്കോടതിക്കാണ് രേഖകൾ കൈമാറിയത്. പുനർനിർമ്മിച്ച രേഖകൾ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി ഇത് അനുവദിച്ചില്ല. രേഖകളുടെ പകർപ്പുകൾ സമർപ്പിക്കുന്നതിനെ എതിർക്കാൻ കഴിയില്ലെന്നും നേരത്തെ ലഭിച്ച രേഖകളിൽനിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതിയിൽനിന്നു കാണാതായ 11 രേഖകളുടെ സർട്ടിഫൈഡ് പകർപ്പുകളാണ് കോടതിയിൽ സമർപ്പിച്ചത്.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് രേഖകൾ പുൻനിർമ്മിച്ചതെന്നും അത് ചോദ്യം ചെയ്യാൻ പ്രതിഭാഗത്തിനാവില്ലെന്നും കോടതി വ്യക്തമാക്കി. രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ കോടതിയിൽ നിന്ന് നേരത്തെ കൈപ്പറ്റിയ കോപ്പിയുമായി ഒത്തു നോക്കാമെന്ന് കോടതി അറിയിച്ചു. കേസ് വീണ്ടും ഈ മാസം 25നു പരിഗണിക്കും.
അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയായിരുന്നു പ്രധാനപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്ന് നഷ്ടമായത്. രേഖകൾ നഷ്ടമായതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അഭിമന്യുവിന്റെ കുടുംബവും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.
2019ലാണ് കേസിലെ രേഖകൾ നഷ്ടമായതെന്ന് കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് രേഖകൾ പുനർനിർമ്മിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത്തരത്തിൽ രേഖകൾ നഷ്ടപ്പെടുന്നതും മറ്റെവിടെയെങ്കിലും ഉണ്ടാവുന്നതുമൊക്കെ സാധാരണമാണ്. അത് ഈ കേസിന്റെ കാര്യത്തിൽ മാത്രമായി കണക്കാക്കാൻ കഴിയില്ല. രേഖകൾ നഷ്ടമായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ വിചാരണ നടപടികൾ ഇതുമൂലം വൈകില്ലെന്നും കോടതി വ്യക്തമാക്കി.
മഹാരാജാസ് കോളജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യു 2018 ജൂൺ ഒന്നിനാണ് ക്യാംപസിൽ വച്ച് കൊല്ലപ്പെട്ടത്. ക്യാംപസ് ഫ്രണ്ട്പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
മുഖ്യപ്രതിയെ പിടികൂടാൻ ഏറെ വൈകിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല.വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ അന്വേഷണം വേണമെന്നും അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത് ആവശ്യപ്പെട്ടിരുന്നു.
വിചാരണ നടക്കാനിരിക്കേ ശേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി രേഖകൾ ഉടൻ വീണ്ടെടുക്കണമെന്നും പരിജിത്ത് പറഞ്ഞിരുന്നു. രേഖകൾ മാറ്റിയ വരെ പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കണമെന്നും പരിജിത്ത് ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രമടക്കം നഷ്ടപ്പെട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ഹൈക്കോടതിയുടെ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. രേഖകൾ കാണാതായത് പരിശോധിക്കുമെന്ന് നിയമന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു.