ലഖ്‌നൗ: ഉത്തർപ്രദേശിലെ 'യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്റ്റ് 2004' ഭരണഘടനാവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. ഈ നിയമം മതേതര തത്വങ്ങൾക്ക് എതിരാണെന്ന് ലഖ്നൗ ബെഞ്ച് വിധിച്ചു. ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഇപ്പോൾ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കാൻ കഴിയുന്ന തരത്തിൽ പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദ്ദേശിച്ചെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

അൻഷുമാൻ സിങ് റാത്തോഡ് എന്നയാളുടെ റിട്ട് ഹർജിയിലാണ് ലഖ്നൗ ബെഞ്ചിന്റെ വിധി. യുപി മദ്രസ ബോർഡിനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആ ബോർഡ് കൈകാര്യം ചെയ്യുന്നതിനും എതിരെയായിരുന്നു ഹർജി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിലെ സുതാര്യതയെ കുറിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ഡിവിഷൻ ബെഞ്ച് ആശങ്ക ഉന്നയിച്ചിരുന്നു. അത്തരം തീരുമാനങ്ങൾ തുല്യ അവസരങ്ങളും മതേതര തത്വങ്ങളും ഉറപ്പാക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.

മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമം നിയമാതീതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിലവിൽ മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ തുടരാൻ കഴിയുന്ന തരത്തിൽ ഒരു പദ്ധതി തയാറാക്കാൻ യു.പി സർക്കാറിനോട് നിർദേശിച്ചു.

ഉത്തർപ്രദേശിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. മദ്രസകൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് അന്വേഷിക്കാൻ 2023 ഒക്ടോബറിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ യോഗി സർക്കാർ തീരുമാനിച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ വിധി വന്നിരിക്കുന്നത്. യു.പി മദ്രസ ബോർഡിന്റെ നടപടികളെയും, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മദ്രസ മാനേജ്‌മെന്റിനെയും എതിർത്തുകൊണ്ട് അൻഷുമാൻ സിങ് റാത്തോഡ് എന്നയാൾ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ഹൈക്കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.