പ്രയാഗ്‌രാജ്: കാശി വിശ്വനാഥക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദുവിഭാഗത്തിന് പൂജനടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാകോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകിയ സുപ്രീം കോടതി പക്ഷെ, നിലവറയിലെ പൂജയ്ക്ക് സ്റ്റേ അനുവദിച്ചില്ല. ജൂലായിൽ കേസിൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ പള്ളിക്ക് അകത്ത് പൂജ തുടരും.

പൂജ നടക്കുന്ന നിലവറയിലേക്കുള്ള പ്രവേശനസ്ഥലവും മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്ന സ്ഥലവും വ്യത്യസ്തമാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇരു സമുദായക്കാർക്കും മതപരമായ പ്രാർത്ഥനകൾ നടത്താൻ കഴിയുംവിധം ഗ്യാൻവാപി പരിസരത്ത് തൽസ്ഥിതി നിലനിർത്താനും കോടതി ഉത്തരവിട്ടു. മുസ്ലിങ്ങൾക്ക് തടസ്സമില്ലാതെ പ്രാർത്ഥന നടത്താൻ സാധിക്കുന്നുണ്ടെന്നും ഹിന്ദുക്കൾ പൂജ അർപ്പിക്കുന്നത് നിലവറയുടെ പരിസരത്ത് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2024 ജനുവരി 31 ലെ ഉത്തരവിനനുസൃതമായി ഹിന്ദുക്കൾക്ക് പൂജ നടത്തുന്നത് തുടരാം. തെക്കുവശത്തു നിന്ന് പ്രവേശിക്കുന്ന ഹിന്ദുക്കൾ നിലവറയിൽ പ്രാർത്ഥിക്കുകയും മുസ്ലിങ്ങൾ വടക്കുഭാഗത്ത് നമസ്‌കരിക്കുകയും ചെയ്യും. കേസിൽ അന്തിമവിധി വരുന്നത് വരെ ഈ ക്രമീകരണം തുടരണമെന്നും ബെഞ്ച് വ്യക്തമാക്കി. മുസ്ലിം കക്ഷികൾ സമർപ്പിച്ച അപ്പീലിൽ മറുവിഭാഗത്തിന് കോടതി നോട്ടീസ് അയച്ചു. ജൂലൈയിൽ വിഷയം പരിഗണിക്കും.

ഗ്യാൻവാപി പള്ളിയിലെ മുദ്രവെച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് വാരാണസി ജില്ലാ കോടതി അനുമതി നൽകിയത് ജനുവരി 31 നായിരുന്നു. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ വാരാണസി ജില്ലാ ഭരണകൂടത്തിനും കോടതി നിർദ്ദേശം നൽകിയിരുന്നു.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് നൽകിയ ഹർജിയിലാണ് മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലുള്ള ശൃങ്കാർ ഗൗരിയിലും ദൃശ്യവും അദൃശ്യവുമായ മറ്റ് വിഗ്രഹങ്ങളിലും പൂജ നടത്താൻ അനുമതി തേടിയാണ് പൂജാരി വാരാണസി ജില്ലാ കോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് വാരാണസി ജില്ലാ കോടതി അനുവദിച്ചത്

1993 വരെ ഈ നിലവറയിൽ പൂജ നടത്തിയിരുന്നതായും വ്യാസ് കുടുംബം വാരാണസി ജില്ലാ കോടതിയിൽ നൽകിയിരുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 'വ്യാസ് കാ തഹ്ഖാന' എന്ന പേരിൽ പള്ളിസമുച്ചയത്തിന്റെ തെക്കേഭാഗത്തുള്ള നിലവറ 1993-ൽ മുലായം സിങ് യാദവ് യു.പി. മുഖ്യമന്ത്രിയായിരിക്കെ പൂട്ടി മുദ്രവെച്ചതാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്ന് പ്രശ്‌നങ്ങൾ ഒഴിവാക്കാനായിരുന്നു ഈ നടപടി.

ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും മറ്റും നിലവറയിലുണ്ടെന്നാണ് ഹർജിക്കാരനായ ആചാര്യ വേദ വ്യാസ് പീഠത്തിലെ മുഖ്യപുരോഹിതൻ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് വാദിച്ചത്. പള്ളിയിൽ നാല് നിലവറകളാണുള്ളത്. അതിലൊന്ന് അവിടെ താമസിച്ചിരുന്ന പുരോഹിത കുടുംബത്തിന്റെ കൈവശമാണ്. പരമ്പരാഗത പുരോഹിതർ എന്ന നിലയിൽ തങ്ങളെ കെട്ടിടത്തിൽ പ്രവേശിച്ച് ആരാധന നടത്താൻ അനുവദി ക്കണമെന്നാണ് ഈ കുടുംബത്തിലെ ഇളമുറക്കാരനായ ശൈലേന്ദ്ര കുമാർ പാഠക് ആവശ്യപ്പെട്ടത്.

ഗ്യാൻവാപി പള്ളിയിലെ തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ഹൈക്കോടതി അപ്പീൽ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണ്. ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ആം ആനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.

വ്യാസ് കുടുംബത്തിന്റെ കൈവശമായിരുന്നില്ല നിലവറകൾ എന്ന പള്ളിക്കമ്മറിയുടെ വാദം കോടതി തള്ളി. നാലു ദിവസം വിശദവാദം കേട്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയിൽ വിഗ്രഹങ്ങളുണ്ടെന്ന് കാട്ടിയാണ് അരാധനയ്ക്കുള്ള ഹർജി എത്തിയത്. ഹിന്ദുവിഭാഗത്തിന്റെ വാദം ഹൈക്കോടതിയും അംഗീകരിച്ചത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് ആയുധമാണ്. അയോധ്യക്ക് പിന്നാലെ കാശിയും മഥുരയും ചർച്ചയാക്കാനുള്ള നീക്കത്തിന് യോഗി ആദിത്യനാഥും പരസ്യ പിന്തുണ നൽകിയിരുന്നു.