ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അറസ്റ്റിലായി ആറ് മാസത്തോളമായി ജയിലിലായിരുന്ന ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചു. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, സഞ്ജയ് സിങ്ങിന് ജാമ്യം നൽകുന്നതിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എതിർത്തില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജാമ്യം നിഷേധിക്കപ്പെട്ട് തിഹാർ ജയിലിൽ എത്തിയതിനു പിന്നാലെയാണ് സഞ്ജയ് സിങ്ങിന് ജാമ്യം ലഭിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്റെ ജാമ്യഹർജി പരിഗണിച്ചത്. വിചാരണാകോടതി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും സഞ്ജയ് സിങ്ങിനെ വിട്ടയക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇ.ഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഡൽഹി നോർത്ത് അവന്യുവിലെ ഔദ്യോഗിക വസതിയിൽ രാവിലെ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് 10 മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ പ്രവർത്തകർ വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പൊലീസിനു നേരെ ചിലർ കസേര വലിച്ചെറിയുകയും ചെയ്തു. ബലംപ്രയോഗിച്ച് പ്രവർത്തകരെ നീക്കിയാണ് വാഹനത്തിനു വഴിയൊരുക്കിയത്.

മദ്യനയത്തിന്റെ മറവിൽ എഎപിക്കു ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് ഉപയോഗപ്പെടുത്തിയെന്നാണ് ഇഡിയുടെ ആരോപണം. അറസ്റ്റിനു മുൻപ് റെക്കോർഡ് ചെയ്ത വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഞ്ജയ് സിങ് രൂക്ഷമായി വിമർശിച്ചിരുന്നു. അദാനിക്കെതിരെ നിലപാടെടുത്തതിനാണ് സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു എഎപിയുടെ നിലപാട്.

മദ്യനയക്കേസിൽ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളെല്ലാം തന്നെ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കഴിഞ്ഞ ദിവസം തിഹാർ ജയിലേക്ക് മാറ്റിയിരുന്നു.