ന്യൂഡൽഹി: പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബാബാ രാംദേവ്. തെറ്റു പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നുമായിരുന്നു ബാബാ രാംദേവ് കോടതിയിൽ പറഞ്ഞത്. നിയമത്തിനു മുന്നിൽ എല്ലാവരും ഒന്നാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. കോടതിയുടെ മുന്നിൽ കള്ളം പറയരുതെന്നും കോടതിയിൽ നടക്കുന്നത് എന്താണെന്ന് അറിയാതിരിക്കാൻ അത്ര നിഷ്‌കളങ്കനാണ് താങ്കളെന്നു കരുതുന്നില്ലെന്നും കോടതി രാംദേവിനോട് പറഞ്ഞു. കേസ് ഈ മാസം 23നു പരിഗണിക്കാനായി മാറ്റി.

മാപ്പ് പറഞ്ഞ് കൊണ്ട് ഇരുവരും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കോടതി നേരത്തെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ന് കേസ് കോടതിയുടെ പരിഗണനയ്ക്ക് എടുത്തപ്പോൾ ഇരുവരും നിരുപാധികം മാപ്പ് പറയുന്നതായി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. തുടർന്ന് ഇരുവരോടും സംസാരിക്കാൻ ജസ്റ്റിസുമാരായ ഹിമ കോലിയും, എ അമാനുള്ളയും അടങ്ങിയ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.

തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നും ബാബാ രാംദേവ് കോടതിയോട് അപേക്ഷിച്ചെങ്കിലും ഈ ക്ഷമ ചോദിക്കൽ ഹൃദയത്തിൽ നിന്നുള്ളതല്ലെന്ന് കോടതി വിമർശിച്ചു. ഒരു പാരഗ്രാഫിലാണോ കോടതിക്ക് മറുപടി നൽകേണ്ടത് എന്നും, അങ്ങനെ തോന്നിയെങ്കിൽ ക്ഷമ പറയാം എന്നത് എന്ത് പ്രയോഗമാണെന്നും കോടതി ചോദിച്ചു. കോടതിയിൽ ഉറപ്പ് നൽകിയിട്ട് മാധ്യമങ്ങൾക്ക് മുന്നിലാണ് പ്രസ്താവന നടത്തിയത്. എല്ലാ തലവും ലംഘിച്ചു. കേന്ദ്രം ഇത്രയും കാലം കണ്ണടച്ചത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു.

നിയമത്തിനുള്ളിൽനിന്ന് കൊണ്ട് മാത്രമേ അലോപ്പതി ഉൾപ്പടെ മറ്റ് ചിത്സരീതികളെ വിമർശിക്കാവൂ എന്ന് ഇരുവരോടും സുപ്രീംകോടതി നിർദേശിച്ചു. ഏതെങ്കിലും ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ ലക്ഷ്യം വച്ചെല്ല കോടതി അലക്ഷ്യ നടപടിയെന്നും, എല്ലാവരും നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് നടപടിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇരുവരുടെയും മാപ്പ് അംഗീകരിക്കുന്നുവോ, നിരാകരിക്കുന്നുവോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 23 ന് ഇരുവരോടും സുപ്രീംകോടതിയിൽ ഹാജരായിരിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

കഴിഞ്ഞയാഴ്ച നടന്ന വാദത്തിനിടെ പതഞ്ജലി സ്ഥാപകരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹരിദ്വാർ ആസ്ഥാനമായുള്ള കമ്പനിക്കെതിരെ പ്രവർത്തിക്കാത്തതിന് ഉത്തരാഖണ്ഡ് സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു. ഇതിനുപുറമെ രാംദേവിന്റെയും ബാലകൃഷ്ണയുടെയും രണ്ട് സെറ്റ് മാപ്പപേക്ഷകളും കോടതി തള്ളി.

തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ടു പോവുകയായിരുന്നു.