പാലക്കാട്: കാമുകന്റെ സഹായത്തോടെ ഭർത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തവും രണ്ടാംപ്രതിയും ദമ്പതിമാരുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം ശിക്ഷയുമാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി വിധിച്ചത്. സദാനന്ദന് 19 വർഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഷീജയ്ക്ക് 9 വർഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പുളിക്കപ്പറമ്പ് അംബേദ്കർ കോളനിയിലെ വിമുക്തഭടൻ സ്വാമിനാഥൻ (72), ഭാര്യ പ്രേമകുമാരി (65) എന്നിവർ 2017 സെപ്റ്റംബർ 11ന് രാത്രിയാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ സ്വീകരണമുറിയിൽവച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തി വയറിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രേമകുമാരിയെ കിടപ്പുമുറിയിൽ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചും മുറിവേൽപിച്ചുമാണ് കൊന്നത്. ഷീജയാണ് സുഹൃത്തിനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇക്കാര്യം കോടതി ശരിവച്ചു. സദാനന്ദനും ഷീജയും തമ്മിലുള്ള അടുപ്പം ദമ്പതിമാർ മനസ്സിലാക്കിയതിനെത്തുടർന്നായിരുന്നു കൊലപാതകം.

ഷീജയുടെ ഭർത്താവിന്റെ മാതാപിതാക്കളായ സ്വാമിനാഥനെയും പ്രേമകുമാരിയെയുമാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. സദാനന്ദനുമായുള്ള ഷീജയുടെ ബന്ധം ഭർത്താവ് അറിയുമെന്ന ഭീതിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സദാനന്ദനെ വീട്ടിൽ കാര്യസ്ഥനായി നിർത്താനും ഭർതൃ വീട്ടുകാരുടെ സ്വത്തുക്കൾ തട്ടിയെടുക്കാനും വേണ്ടിയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് കുറ്റപത്രത്തിൽ ആരോപിച്ചത്.

മോഷണശ്രമത്തിനിടെ കൊലപാതകമുണ്ടായെന്ന് വരുത്തിത്തീർക്കാനും പ്രതികൾ ശ്രമിച്ചിരുന്നു ഇതിനായി ഷീജയുടെ കൈകാലുകൾ ബന്ധിച്ച് അടുക്കളയിൽ കിടത്തുകയും മുളകുപൊടി വിതറുകയും ചെയ്തു. ഷീജയുടെ മാലയും വളയും ഉൾപ്പെടെ 12 പവൻ സ്വർണാഭരണങ്ങളും സദാനന്ദൻ എടുത്തു. ഇവ പിന്നീട് പ്രതിയുടെ മങ്കരയിലെ വീട്ടിൽനിന്നു കണ്ടെത്തി. ഷീജയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഇവരുടെ വസ്ത്രങ്ങൾ കിണറ്റിൽ ഇടുകയും ചെയ്തു.

ദമ്പതികളെ കൊലപ്പെടുത്താൻ 2017 ഓഗസ്റ്റ് 30 മുതൽ സദാനന്ദനും ഷീജയും ഏഴു തവണ ശ്രമിച്ചതായി പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രണ്ടുപേരെയും ഒരേ സമയം കൊലപ്പെടുത്താൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ, സ്വാമിനാഥൻ വീട്ടിൽ തനിച്ചുള്ള ദിവസം ഷീജയിൽനിന്നു സദാനന്ദൻ മനസ്സിലാക്കി. രക്തസമ്മർദം കൂടിയ പ്രേമകുമാരി ഓഗസ്റ്റ് 30, 31 തീയതികളിൽ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ രണ്ടു ദിവസവും കൊലപാതകത്തിനു ശ്രമം നടത്തി.

30 ന് രാത്രി പതിനൊന്നു മണിയോടെ, അകത്തുനിന്നു പൂട്ടിയ അടുക്കള വാതിലിന്റെ കൊളുത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് ഉണർന്ന സ്വാമിനാഥൻ ബഹളം വച്ചതോടെ സദാനന്ദൻ ഓടി അടുത്ത വീട്ടിലെ തൊഴുത്തിൽ ഒളിച്ചു. പിറ്റേന്നു പുലർച്ചെ 5.30ന് തോലനൂരിൽനിന്നു ബസിൽ മങ്കരയിലെ വാടക വീട്ടിലെത്തി.

31ന് വൈകിട്ട് 6.15ന് തോലനൂരിലേക്ക് ബസിലെത്തിയ സദാനന്ദൻ രാത്രി ഒൻപതു വരെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുന്നു. കിണർ പണിക്കു വന്നതാണെന്നും ബസ് കിട്ടിയില്ലെന്നുമാണു നാട്ടുകാരോട് പറഞ്ഞത്. രാത്രി 11ന് സ്വാമിനാഥന്റെ വീട്ടിലെത്തിയ ഇയാൾ ഫ്യൂസ് കാരിയറിൽനിന്നു വയർ വലിച്ചു കിടപ്പുമുറിയിലിട്ടു. വൈദ്യുതാഘാതമേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഈ സമയം സ്വാമിനാഥൻ ടിവി കാണുകയായിരുന്നു.

വയർ ശ്രദ്ധയിൽപ്പെട്ട സ്വാമിനാഥൻ തനിക്കുനേരെ വധശ്രമമുണ്ടായതായി സെപ്റ്റംബർ ഒന്നിനു കോട്ടായി പൊലീസിൽ പരാതി നൽകി. ഇതിനിടെ, ചികിത്സ കഴിഞ്ഞു പ്രേമകുമാരി വീട്ടിലെത്തി. തുടർന്നാണ് കൂട്ടുകിടക്കാൻ ഷീജയും ഈ വീട്ടിലെത്തിയത്. കൊലപാതകം എളുപ്പമാക്കാൻ സദാനന്ദന്റെ നിർദ്ദേശമനുസരിച്ചായിരുന്നു ഇത്. ഷോക്കേൽപ്പിച്ചുള്ള വധശ്രമത്തിനു ശേഷം വീടിനു ചുറ്റും വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചതും ദമ്പതികൾ ഉറങ്ങാൻ വൈകുന്നതും നീക്കങ്ങൾക്കു തടസ്സമായി. ബുധനാഴ്ച രാത്രി ഏഴിനാണു സദാനന്ദൻ വീണ്ടും തോലനൂരിലെത്തിയത്. കൊല നടത്തി ആയുധങ്ങൾ കിണറ്റിലും കുറ്റിക്കാട്ടിലും ഉപേക്ഷിച്ച ശേഷം പുലർച്ചെ മങ്കരയിലെ വാടക വീട്ടിലെത്തി.

അന്നത്തെ കുഴൽമന്ദം സിഐ എഎം സിദ്ദിഖാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥരായ നസീർ അലി, വിജയമണി, പ്രമോദ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. കേസിൽ പ്രൊസിക്യൂഷന് വേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കൈനാട്ട്, നിലവിലെ പബ്ലിക് പ്രോസിക്യൂട്ടർ പി അനിൽ എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 59 സാക്ഷികളെ വിസ്തരിച്ചു. 175 രേഖകൾ സമർപ്പിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ നസീർ അലി, വിനോദ് എന്നിവർ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശാനുസരണം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.