ന്യൂഡൽഹി: യു.എ.പി.എ. കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കണമെന്ന് സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.

റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കുംമുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വിട്ടയക്കണമെന്ന് നിർദേശിച്ചത്.

ഡൽഹി പൊലീസ് എടുത്ത യു.എ.പി.എ. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീർ പുരകായസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എഫ്.ഐ.ആർ. റദ്ദാക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണിത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് പ്രബീറിനുവേണ്ടി ഹാജരായത്.

കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് ന്യൂസ് ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബിർ പുർകായസ്തയെ ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെൽ അറസ്റ്റ് ചെയ്തത്. പ്രബീറിനൊപ്പം ന്യൂസ് ക്ലിക്കിന്റെ എച്ച്.ആർ മാനേജർ അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിലടക്കം 30 കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയായിരുന്നു ഡൽഹി നടപടി.

യു.എ.പി.എ 13, 16, എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഇന്ത്യയുടെ പരമാധികാരം തകർക്കാനും രാജ്യത്തിനെതിരെ ശത്രുത വളർത്താനും ന്യൂസ് ക്ലിക്കിന് ചൈനയിൽനിന്ന് വൻതോതിൽ പണം ലഭിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറഞ്ഞിരുന്നത്.