- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഹമ്മർ ഉപയോഗിച്ച് നടത്തിയ കൊല; ആഡംബര വാഹനത്തിൽ പിന്തുടർന്ന് പാവം സെക്യൂരിറ്റിയെ ഇടിച്ചു വീഴ്ത്തി; വേദനയിൽ പുളഞ്ഞ ചന്ദ്രബോസിനെ പാർക്കിങ് ഏര്യയിൽ കൊണ്ടു പോയും അടിച്ചവശനാക്കി; ആ ക്രൂരതയ്ക്ക് 38 കൊല്ലം ജയിലിൽ കിടന്നേ മതിയാകൂ; പണത്തിന്റെ ഹുങ്കിൽ എന്തുമാകാമെന്ന് കരുതിയ നിസാമിന് ഹൈക്കോടതിയിൽ തിരിച്ചടി; അപ്പീൽ തള്ളി മേൽക്കോടതിയും
തൃശൂർ: സെക്യൂരിറ്റിയായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ അപ്പീൽ ഹരജിയിൽ ഹൈക്കോടതി തള്ളി. 2015 ജനുവരി 29 ന് അറസ്റ്റിലായ നിഷാമിന് തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിന് പുറമെ 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നിസാം നൽകിയ അപ്പീലിലാണ് വിധി പറഞ്ഞത്. ഇതോടെ നല്ലകാലം മുഴുവൻ ബിഡി കമ്പനി മുതലാളിയായിരുന്ന നിസാമിന് അഴിക്കുള്ളിൽ കഴിയേണ്ടി വരും. വിധിക്കെതിരെ നിസാം സുപ്രീംകോടതിയിൽ അപ്പീലും നൽകും.
തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസ്. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന ഇയാളെ നിസാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു.
വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിസാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും നിസാം അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളൈയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു.
നേരത്തെ നിസാമിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. തൃശൂർ പേരാമംഗലം പൊലീസിന്റെ കസ്റ്റഡിയിലുള്ള ഹമ്മർ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി തൃശൂർ ആർ.ടി.ഒ ഉത്തരവിറക്കി. ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബിസിനസുകാരനായ നിസാം കൊലപ്പെടുത്തിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. 2015 ജനുവരി 29ന് രാത്രിയാണ് സംഭവം. ആഡംബര വാഹനമായ ഹമ്മർ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്.
കേസിൽപ്പെട്ട് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ സാധാരണയായി പൊലീസ് പൊളിക്കാറില്ല. നിശ്ചിത കാലശേഷം സർക്കാർ അനുമതിയോടെ ലേലം ചെയ്യാറാണ് പതിവ്. നിസാമിന്റെ കാറിന്റെ കാര്യത്തിലും അതുതന്നെയാണ് നിലവിൽ പൊലീസിന്റെ മുന്നിലുള്ള വഴി. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കു മാത്രമേ ലൈസൻസും പെർമിറ്റും റദ്ദാക്കൂ. എന്നാൽ, വാഹനം ഉപയോഗിച്ചുള്ള ഏത് കുറ്റത്തിനും ഇത് ബാധകമാണ് എന്ന ഭേദഗതി നിർദ്ദേശപ്രകാരമാണ് നിസാമിന്റെ വാഹന രജിസ്ട്രേഷൻ റദ്ദാക്കിയത്.
വിയ്യൂരിലും കണ്ണൂരിലും ശിക്ഷ അനുഭവിച്ച നിസാം ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ജീവപര്യന്തവും 24 വർഷം തടവുശിക്ഷയുമാണ് ജില്ല കോടതി വിധിച്ചത്. അതേസമയം, സഹ തടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ചെന്ന പരാതിയിൽ നിസാമിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരൻ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും ഇപ്പോഴാണ് പരാതിപ്പെടുന്നതെന്നും ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ