കൊച്ചി: സ്ഥലം മാറ്റിയതിനെതിരെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റ ഉത്തരവിൽ അപാകതയില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ ഹൈക്കോടതി ഹർജി തള്ളിയത്. ലേബർ കോടതി ജഡ്ജി ഡെപ്യൂട്ടേഷൻ തസ്തികയല്ല. മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി.

സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജിയായിരുന്ന എസ് കൃഷ്ണകുമാറാണ്. ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്ജി നടത്തിയ നിരീക്ഷണങ്ങൾ വിവാദമായിരുന്നു. പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണമായിരുന്നുവെന്നും വിധിയിൽ പരാമർശിച്ചിരുന്നു.

വിധി വിവാദമായതോടെ, കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറാക്കിയാണ് മാറ്റി നിയമിച്ചത്. സർക്കാർ നൽകിയ അപ്പീലിൽ, ജില്ലാ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹൈക്കോടതി വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.

അടുത്ത വർഷം മെയ് 31 വരെ കോഴിക്കോട് സെഷൻ ജഡ്ജായി തുടരാൻ അർഹതയുണ്ടെന്നാണ് ജഡ്ജി ഹൈക്കോടതി ഹർജിയിൽ വാദിച്ചത്. പ്രത്യേക സാഹചര്യത്തിലോ, ഭരണപരമായ താൽപര്യത്തോടെയോ അല്ലാതെ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് മാറ്റാൻ സാധിക്കില്ല. തെറ്റായ ഉത്തരവിന്റെ പേരിൽ ഇത്തരത്തിൽ നടപടിയെടുക്കാൻ പാടില്ലെന്നും ഹർജിയിൽ കൃഷ്ണകുമാർ അവകാശപ്പെടുന്നു.

ലേബർ കോടതിയുടെ പ്രിസൈഡിങ് ഓഫീസർ തസ്തിക എന്നത് ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ ഉദ്യോഗസ്ഥന്റെ മുൻകൂർ അനുവാദം വാങ്ങണമെന്നും കൃഷ്ണകുമാർ പറഞ്ഞു. നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ജഡ്ജിയുടെ മനോവീര്യത്തെ കെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തനിക്ക് 27 വർഷത്തെ സർവീസുണ്ടെന്നും വിരമിക്കുന്നതിന് മുമ്പ് വന്ന ഈ സ്ഥലം മാറ്റം കൃത്യ നിർവഹണത്തിൽ താൻ സ്വീകരിച്ച ത്യാഗതത്തെയും സമർപ്പണത്തെയും സൂചിപ്പിക്കുമെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.