ന്യൂഡൽഹി: പരാതികളില്ലെങ്കിലും വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി സുപ്രീം കോടതി. കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയാൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും മുന്നറിയിപ്പ് നൽകി.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് കെ.എം. ജോസഫ്, ബി.വി.നാഗരത്‌ന എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

2022ലാണ് വിദ്വേഷ പ്രസംഗത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് പൊലീസിന് സുപ്രീം കോടതി ഉത്തരവ് നൽകിയത്. ഈ ഉത്തരവാണ് മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാക്കിയത്.

വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം വരുത്തുമെന്നു കോടതി പറഞ്ഞു. ജഡ്ജിമാർക്ക് രാഷ്ട്രീയമില്ല. ഇന്ത്യൻ ഭരണഘടനയാണ് ജഡ്ജിമാരുടെ ചിന്തയിലുള്ളത്. അതുകൊണ്ടു തന്നെ വിദ്വേഷ പ്രസംഗം നടത്തുന്നത് ഏതു പാർട്ടിക്കാരനായാലും നടപടി എടുക്കുന്നതിൽ പ്രശ്‌നമില്ലെന്നും കോടതി പറഞ്ഞു.

രണ്ടു വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക, ദേശീയ ഐക്യം തകർക്കുക, മതവികാരം വ്രണപ്പെടുത്തുക, ഭയപ്പെടുത്തൽ തുടങ്ങിയവയിൽ പരാതിയില്ലാതെ തന്നെ പൊലീസ് കേസെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും ബാധിക്കുകയാണെന്ന് ഉത്തരവിൽ ജസ്റ്റിസ് കെ എം ജോസഫ്, ബിവി നാഗരത്‌ന എന്നിവരുൾപ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാൻ പരാതികൾ ആവശ്യമില്ല. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ മതം നോക്കാതെ നടപടി എടുക്കണം. വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് കേസെടുക്കുന്ന രീതി ഉണ്ടാകരുതെന്ന കർശന നിർദ്ദേശവും സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് സംസ്ഥാനങ്ങൾക്ക് നൽകി. അടുത്ത മാസം പന്ത്രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെഎം ജോസഫ് വിരമിക്കാനിരിക്കെ കേസിൽ വിശദമായ വിധിക്കുള്ള സാധ്യത വിരളമാണ്.

എല്ലാ സംസ്ഥാനങ്ങളിലും വിദ്വേഷ പ്രസംഗം നിരീക്ഷിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. സമൂഹമാധ്യങ്ങളിൽനിന്ന് ഇത്തരം പ്രസംഗങ്ങൾ നീക്കം ചെയ്യുന്നതിനും നടപടി വേണമെന്നും ആവശ്യപ്പെട്ടു. ജില്ലാതലത്തിൽ നോഡൽ ഓഫിസറെ നിയമിക്കുന്നതിനുള്ള സാധ്യത കോടതി ആരാഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവർക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് എടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.