- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി അൻവറിന്റെ അനധികൃത ഭൂമി ഉടൻ തിരിച്ചു പിടിക്കണം; സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി; ഉത്തരവ് പാലിക്കാതെ വന്നതോടെ കടുത്ത നിലപാടിൽ കോടതി; അടുത്ത ചൊവ്വാഴ്ച്ച സത്യവാങ്മൂലം നൽകണമെന്ന് ഉത്തരവ്
കൊച്ചി: പി വി അൻവറിനെതിരായ മിച്ചഭൂമി കേസിൽ വെട്ടിലാക്കി സർക്കാരും. ഹൈക്കോടതി വിധി നടപ്പിലാക്കാതെ ഒളിച്ചുകളി തുടർന്ന സർക്കാറിന് സാവകാശം വേണമെന്ന ആവശ്യം അടക്കം തള്ളിക്കൊണ്ട് കോടതി രംഗത്തുവന്നു. കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി വേണെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശിച്ചു.
നടപടി പൂർത്തിയാക്കാൻ സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസം സാവകാശം വേണമെന്നായിരുന്നു സർക്കാർ നിലപാട്. അഞ്ച് മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. 2017ൽ താമരശ്ശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാനായിരുന്നു നിർദ്ദേശം. ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ അൻവറിന് വേണ്ടി സർക്കാർ തലത്തിൽ വഴിവിട്ട കാര്യങ്ങൾ നടക്കുന്നതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അൻവർ എംഎൽഎയും കുടുംബവും സ്വന്തമാക്കിയ മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. താമരശേരി താലൂക്ക് ലാന്റ് ബോർഡിന്റെ ചുമതലയുള്ള കണ്ണൂർ സോണൽ താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എം.എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാന്റ് ബോർഡ് സ്‌പെഷൽ തഹസിൽദാർ പി. ജുബീഷ് എന്നിവർ വിശദീകരണം നൽകണമെന്നാണ് നേരത്തെ ജസ്റ്റിസ് രാജവിജയരാഘവൻ ഉത്തരവിട്ടിരുന്നു.
പി.വി അൻവർ എംഎൽഎയും കുടുംബവും കൈവശം വെക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്്മ കോ ഓർഡിനേറ്ററുമായ കെ.വി ഷാജി സമർപ്പിച്ച കോടതി അലക്ഷ്യഹർജിയിൽ 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ എംഎൽഎയായ അൻവറിന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ട് ഹൈക്കോടതി പറഞ്ഞ സമയപരിധികഴിഞ്ഞ് ഒന്നര വർഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പറഞ്ഞാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെച്ചതിനാൽ അൻവറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോർഡ്, താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന് ഉത്തരവു നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാത്തതോടെ ഷാജി ഹൈക്കോടതിയെ സമീപിക്കുകയും ഈ കേസിൽ അൻവറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി 6 മാസത്തിനകം തിരിച്ചുപിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20ന് ആദ്യ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് വീണ്ടു കോടതി അലക്ഷ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഈ രണ്ട് ഉത്തരവും പാലിക്കപ്പെടാത്തതോടെയാണ് മൂന്നാം തവണയും കോടതി അലക്ഷ്യഹരജി ഹൈക്കോടതിയിലെത്തുന്നത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട 11 ലാന്റ് ബോർഡ് ചെയർമാന്മാരെയാണ് അടിക്കടി സ്ഥലം മാറ്റിയെന്നും ഹരജിയിൽ ആരോപിച്ചിട്ടുണ്ട്. അൻവറിനെതിരായ ഹൈക്കോടതി ഉത്തരവ് വന്നതോടെ സർക്കാർ ലാന്റ്‌ബോർ്ഡ് സംവിധാനം തന്നെ ഉടച്ച് വാർത്ത് ഡെപ്യൂട്ടി കളക്ടർ ചെയർമാനായ താലൂക്ക് ലാന്റ് ബോർഡുകൾക്ക് പകരം സോണൽ താലൂക്ക് ലാന്റ് ബോർഡാക്കിയെന്നും വ്യക്തമാക്കി.
ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അൻവർ എംഎൽഎയും കുടുംബവും സ്വന്തമാക്കിയ മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള കേസ് പരിഗണിച്ച ലാന്റ് ബോർഡ് ചെയർമാന്മാരെ സ്ഥലംമാറ്റിയത് 17 തവണയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അൻവറിന് മിച്ചഭൂമിയുണ്ടെന്നാണ് കണ്ടെത്തൽ.
സ്ഥലംമാറ്റം ബാധിച്ചതിന് ഒരുഉദാഹരണം
2021 മാർച്ചിൽ, അൻവറിനെതിരെ സീലിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ആധാരം പരിശോധിക്കുകയും കേസിന്റെ ഡ്രാഫ്റ്റ് തയാറാക്കുകയും ചെയ്യുന്ന ഘട്ടമെത്തി. എന്നാൽ മിച്ചഭൂമിയുണ്ടെന്നു കണ്ടെത്തുകയും നടപടിയുമായി മുന്നോട്ടു പോവുകയും ചെയ്ത ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ എൻ.കെ. ഏബ്രഹാമിനെ കണ്ണൂരിലേക്കു സ്ഥലം മാറ്റി. വിഷയത്തിൽ അൻവറിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്നു ചോദിക്കാനിരിക്കെയാണ് തിരക്കിട്ട് സ്ഥലം മാറ്റിയത്. പിന്നീട് നടപടികൾ മുന്നോട്ടു പോയില്ല.
പയറ്റിയത് കേസ് നീട്ടിക്കൊണ്ടുപോകുന്ന തന്ത്രം
പി.വി അൻവർ എംഎൽഎയും കുടുംബവും കൈവശം വെക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്നാണ് കെ.വി ഷാജി സമർപ്പിച്ച കോടതി അലക്ഷ്യഹർജിയിൽ 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടത്. 2021 ഡിസംബർ 31ന് താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ നടത്തിയ വിചാരണയിൽ പി.വി അൻവർ ഹാജരാകാതിരുന്നത്, നടപടി അനന്തമായി നീട്ടികൊണ്ടുപോകാനുള്ള നീക്കമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് 2022 ജനുവരി 1 മുതൽ അഞ്ചുമാസത്തിനകം നടപടികൾ പൂർത്തീകരിച്ച് മിച്ചഭൂമി തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടത്.
ഷാജിയുടെ ഹർജിയിൽ അൻവറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി 6 മാസത്തിനകം തിരിച്ചുപിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20ന് ആദ്യ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് വീണ്ടു കോടതി അലക്ഷ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പി.വി അൻവർ എംഎൽഎ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും മത്സരിച്ചപ്പോൾ 226.82 എക്കർഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് സ്ഥലം രേഖപ്പെടുത്തിയതിൽ വന്ന ക്ലറിക്കൽ പിഴവാണെന്ന് പറഞ്ഞ് രംഗത്തെത്തി.
മലപ്പുറം, കോഴിക്കോട് കളക്ടർമാർ 2017ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പി.വി അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം അൻവറിനെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോർഡ്, താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന് ഉത്തരവു നൽകിയത്.
രണ്ട് തവണ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ലാന്റ്‌ബോർഡ് ചെയർമാന്മാരെ അടിക്കടി സ്ഥലംമാറ്റിയും ലാന്റ് ബോർഡ് സംവിധാനം തന്നെ ഉടച്ചുവാർത്തും പി.വി അൻവറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ആസൂത്രിതമായി അട്ടിമറിക്കപ്പെടുകയാണ് എന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ